ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യന്‍ ടീമിന്‍റെ പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നായത് ഓപ്പണര്‍മാരുടെ ബാറ്റിംഗ് പരാജയമായിരുന്നു

ഗയാന: ട്രിനിഡാഡില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാല് റണ്‍സിന്‍റെ തോല്‍വി നേരിട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 20 ഓവറില്‍ 6 വിക്കറ്റിന് 149 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റിന് 145 റണ്‍സേ കണ്ടെത്താനായുള്ളൂ. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ തോല്‍വിയോടെ തുടങ്ങിയപ്പോള്‍ രണ്ടാം ട്വന്‍റി 20 ഓഗസ്റ്റ് ആറാം തിയതി ഗയാനയില്‍ നടക്കും. മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ മൂന്ന് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യന്‍ ടീമിന്‍റെ പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നായത് ഓപ്പണര്‍മാരുടെ ബാറ്റിംഗ് പരാജയമായിരുന്നു. ഇഷാന്‍ കിഷന്‍ ആറും ശുഭ്‌മാന്‍ ഗില്‍ മൂന്നും റണ്‍സെടുത്ത് പുറത്തായി. രണ്ടാം ടി20യില്‍ ഇവരിലൊരാളെ മാറ്റി യശസ്വി ജയ്‌സ്വാളിന് രാജ്യാന്തര ട്വന്‍റി 20 അരങ്ങേറ്റത്തിന് അവസരം നല്‍കുന്നത് ടീമിനെ തുണച്ചേക്കും. ഗില്ലിനൊപ്പം യശസ്വിയെ ഇറക്കിയാല്‍ സഞ്ജു സാംസണെ വിക്കറ്റ് കീപ്പറായി കളിപ്പിക്കാവുന്നതാണ്. ഐപിഎല്‍ 2023 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി 163.61 പ്രഹരശേഷിയില്‍ ജയ്‌സ്വാള്‍ ബാറ്റ് വീശിയിരുന്നു. ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്നവര്‍ക്ക് റണ്‍സ് കണ്ടെത്താന്‍ കഴിയാതെ വരുന്നത് ഇന്ത്യന്‍ ടി20 ടീമിന് മറ്റൊരു ഭീഷണിയാണ്. ഈ സാഹചര്യത്തില്‍ ബാറ്റിംഗ് കരുത്ത് കൂട്ടാന്‍ രവി ബിഷ്‌ണോയിയെ കളിപ്പിക്കാവുന്നതാണ്. ട്രിനിഡാഡില്‍ എട്ടാം നമ്പറിലെത്തിയ കുല്‍ദീപ് യാദവ് മൂന്ന് റണ്‍സേ നേടിയിരുന്നുള്ളൂ. 

ആദ്യ ട്വന്‍റി 20യില്‍ വെസ്റ്റ് ഇന്‍ഡീസിനെ കുഞ്ഞന്‍ സ്കോറില്‍ തളച്ചിട്ടും ടീം ഇന്ത്യക്ക് ചേസിംഗ് പിഴയ്‌ക്കുകയായിരുന്നു. ഇഷാനും ഗില്ലും പുറത്തായ ശേഷം സൂര്യകുമാര്‍ യാദവും തിലവ് വര്‍മ്മയും 21, 39 റണ്‍സ് വീതവുമായി കരകയറ്റിയെങ്കിലും പിന്നിടുവന്ന നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കും സഞ്ജു സാംസണും അക്‌സര്‍ പട്ടേലിനും തിളങ്ങാനായിരുന്നില്ല. ചേസിംഗിലെ ഈ പിഴവ് പരിഹരിച്ചാലേ രണ്ടാം ടി20 ടീം ഇന്ത്യക്ക് വിജയിക്കാനാവുകയുള്ളൂ. ഒഴിവാക്കാമായിരുന്ന ഓട്ടം ഓടിയാണ് സഞ്ജു സാംസണ്‍ റണ്ണൗട്ടായത്. 

Read more: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വന്‍മരം, പേരുമായി ആര്‍ പി സിംഗ്; ഗില്ലും ജയ്‌സ്വാളും അല്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം