വേഗത്തില്‍ സ്കോര്‍ ചെയ്യേണ്ടത് എല്ലാ ദിവസവും ടെസ്റ്റ് ക്രിക്കറ്റില്‍ ആവശ്യമല്ല എന്ന് ഇഷാന്‍ കിഷന്‍
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റില്‍ മഴ കാരണം ഇന്ത്യന്‍ ടീം സമനില വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്‌സിലെ അതിവേഗ സ്കോറിംഗ് ശൈലി ശ്രദ്ധേയമായിരുന്നു. നായകന്‍ രോഹിത് ശര്‍മ്മയും വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനുമാണ് വേഗം ഇന്ത്യക്കായി സ്കോര്‍ ചെയ്‌തത്. ഇതേ ശൈലിയില്‍ ബാസ്‌ബോള്‍ രീതിയില്‍ തകര്‍ത്തടിക്കാനാണോ ടെസ്റ്റില്‍ ടീം ഇന്ത്യയുടെ പദ്ധതി എന്ന ചോദ്യം മത്സര ശേഷം ഇഷാന്‍ കിഷന് നേര്‍ക്ക് ഉയരുകയുണ്ടായി. ഇതിനോടുള്ള ഇഷാന്‍റെ പ്രതികരണം ശ്രദ്ധേയമായി.
'വേഗത്തില്‍ സ്കോര്‍ ചെയ്യേണ്ടത് എല്ലാ ദിവസവും ടെസ്റ്റ് ക്രിക്കറ്റില്‍ ആവശ്യമല്ല. സാഹചര്യത്തിന് അനുസരിച്ചാണ് സ്‌കോര്‍ ചെയ്യേണ്ടത്. വേഗത്തില്‍ സ്കോര്‍ ചെയ്യുന്നതില്‍ പിച്ചും ഒരു ഘടകമാണ്. ടേണും ബൗണ്‍സുമുള്ള പിച്ചുകളില്‍ ട്രാക്ക് കൃത്യമായി മനസിലാക്കി മാത്രമേ വേഗം സ്കോര്‍ ചെയ്യാനാകൂ. പിച്ചും സാഹചര്യവും വേഗം സ്കോര്‍ ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ അതിനുള്ള ശേഷി എല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കുമുണ്ട്. എല്ലാ മത്സരത്തിലും വേഗത്തില്‍ ബാറ്റ് ചെയ്യേണ്ടതില്ല. സാഹചര്യമാണ് ബാറ്റിംഗ് ശൈലി തീരുമാനിക്കുന്നത്' എന്നും ഇഷാന്‍ കിഷന്‍ പറഞ്ഞു.
മഴ കളിച്ച ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. ഇതോടെ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ 1-0ന് പരമ്പര സ്വന്തമാക്കി. അഞ്ചാം ദിനം മഴ കാരണം ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ കളി നടക്കാതിരുന്നതാണ് ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ താറുമാറാക്കിയത്. എട്ട് വിക്കറ്റ് കയ്യിലിരിക്കേ അവസാന ദിനം ജയിക്കാന്‍ 289 റണ്‍സ് ആതിഥേയര്‍ക്ക് വേണമായിരുന്നു. സ്കോര്‍: ഇന്ത്യ- 8 & 181/2 d, വെസ്റ്റ് ഇന്‍ഡീസ്- 255 & 76/2. രണ്ടാം ഇന്നിംഗ്‌സില്‍ ഇഷാന്‍ കിഷന്‍ ഇന്ത്യക്കായി 34 പന്തില്‍ 4 ഫോറും 2 സിക്‌സറും സഹിതം പുറത്താകാതെ 52* റണ്‍സെടുത്തിരുന്നു.
Read more: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് സമനില എങ്കില്‍ പോയിന്‍റ് എങ്ങനെ വീതംവെക്കും?
