ട്വന്‍റി 20 ക്രിക്കറ്റില്‍ 18 ഇന്നിംഗ്‌സുകള്‍ കളിച്ച സഞ്ജു 320 റണ്‍സാണ് നേടിയത്. ഇതില്‍ ഒരൊറ്റ 50+ സ്കോര്‍ മാത്രമേയുള്ളൂ. 

ഗയാന: തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിട്ടും മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ ആരാധകരെ നിരാശപ്പെടുത്തുകയാണ്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ട്വന്‍റി 20ക്ക് പിന്നാലെ രണ്ടാം മത്സരത്തിലും സഞ്ജു ബാറ്റിംഗില്‍ ദയനീയ പരാജയമായി. ഇതോടെ താരത്തിനെതിരെ വിമര്‍ശനം ശക്തമാകുമ്പോള്‍ സഞ്ജുവിന്‍റെ കണക്കുകള്‍ രാജ്യാന്തര ട്വന്‍റി 20യില്‍ വളരെ മോശമാണ് എന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിനെ ടി20 ടീമില്‍ സ്ഥിര സാന്നിധ്യമാക്കണമെന്നും അടുത്ത ലോകകപ്പിനായി പരിഗണിക്കണമെന്നും ആവശ്യം ശക്തമായിരിക്കേയാണ് കണക്ക് നിരത്തി ആരാധകരുടെ പോര്. 

ട്വന്‍റി 20 ക്രിക്കറ്റില്‍ 18 ഇന്നിംഗ്‌സുകള്‍ കളിച്ച സഞ്ജു 320 റണ്‍സാണ് നേടിയത്. ഇതില്‍ ഒരൊറ്റ 50+ സ്കോര്‍ മാത്രമേയുള്ളൂ. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടി20യിലും ബാറ്റിംഗ് പരാജയമായതോടെ സഞ്ജുവിന്‍റെ ശരാശരി 18.82ലേക്ക് താന്നു. 131.15 സ്ട്രൈക്ക് റേറ്റുള്ളത് മാത്രമാണ് താരത്തിനുള്ള ഏക ആശ്വാസം. അതേസമയം ഐപിഎല്ലില്‍ 148 ഇന്നിംഗ്‌സുകളില്‍ 29.23 ശരാശരിയിലും 137.19 പ്രഹരശേഷിയിലും 3888 റണ്‍സ് സഞ്ജുവിനുണ്ട്. മൂന്ന് സെഞ്ചുറികളും 20 അര്‍ധസെഞ്ചുറികളും സഹിതമാണിത്. ഐപിഎല്ലിലെ ഫോം രാജ്യാന്തര കുപ്പായത്തിലേക്ക് കൊണ്ടുവരാന്‍ സഞ്ജുവിനാകുന്നില്ല എന്ന് വ്യക്തം.

വിന്‍ഡീസിനെതിരെ ട്രിനിഡാഡിലെ ആദ്യ ടി20യില്‍ ഇല്ലാത്ത റണ്ണിനായി ഓടിയാണ് സഞ്ജു സാംസണ്‍ പുറത്തായത് എങ്കില്‍ രണ്ടാം മത്സരത്തില്‍ ക്രീസ് വിട്ടിറങ്ങി സിക്‌സിന് ശ്രമിച്ച് സ്റ്റംപ് ചെയ്യപ്പെടുകയായിരുന്നു. ഗയാനയിലെ രണ്ടാം ട്വന്‍റി 20യില്‍ ബാറ്റിംഗില്‍ സ്ഥാനക്കയറ്റം കിട്ടിയിട്ടും 10 ഓവറുകള്‍ മുന്നിലുണ്ടായിരുന്നിട്ടും അമിതാവേശം കൊണ്ടുമാത്രം വിക്കറ്റ് നഷ്‌ടപ്പെടുത്തുകയായിരുന്നു സഞ്ജു. ആദ്യ കളിയില്‍ 12 പന്തില്‍ 12 ഉം രണ്ടാം മത്സരത്തില്‍ 7 പന്തില്‍ ഏഴും റണ്‍സേ സഞ്ജുവിനുള്ളൂ. രണ്ട് കളിയിലും പരാജയമായതോടെ മൂന്നാം മത്സരത്തില്‍ സഞ്ജുവിന് അവസരം നല്‍കേണ്ടതില്ല എന്ന ആവശ്യം ഒരുഭാഗത്ത് സജീവമാണ്. 

Read more: 'എന്തിന്‍റെ ആവശ്യമായിരുന്നു'; വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു സാംസണ്‍! ആരാധകര്‍ ഹാപ്പിയല്ല- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം