വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്‍റി 20 പരമ്പരയില്‍ ഒപ്പമെത്താനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നിറങ്ങുന്നത്

ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ നിര്‍ണായക നാലാം ട്വന്‍റി 20യില്‍ ടീം ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ റോവ്‌മാന്‍ പവല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ടി20യില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യയിറങ്ങുന്നത് എന്ന് ടോസ് വേളയില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി. വിന്‍ഡീസ് നിരയില്‍ പരിക്ക് മാറി ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡര്‍ തിരിച്ചെത്തിയപ്പോള്‍ ജോണ്‍സണ്‍ ചാള്‍സിന് പകരം ഷായ് ഹോപും റോസ്‌ടന്‍ ചേസിന് പകരം ഒഡീന്‍ സ്‌മിത്തും പ്ലേയിംഗ് ഇലവനിലെത്തി. കഴിഞ്ഞ മൂന്നില്‍ ഒരു മത്സരം ജയിച്ച ഇന്ത്യ അഞ്ച് ടി20കളുടെ പരമ്പരയില്‍ 2-1ന് പിന്നില്‍ നില്‍ക്കുകയാണ് എന്നതിനാല്‍ നീലപ്പടയ്‌ക്ക് ഇന്ന് ജയം അനിവാര്യമാണ്.

പ്ലേയിംഗ് ഇലവനുകള്‍

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍.

വിന്‍ഡീസ്: ബ്രാണ്ടന്‍ കിംഗ്, കെയ്‌ല്‍ മെയേഴ്‌സ്, ഷായ് ഹോപ്, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), റോവ്‌മാന്‍ പവല്‍(ക്യാപ്റ്റന്‍), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ജേസന്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെഫേര്‍ഡ്, ഒഡീന്‍ സ്‌മിത്ത്, അക്കീല്‍ ഹൊസൈന്‍, ഒബെഡ് മക്കോയി. 

Read more: നാലാം ട്വന്‍റി 20: ടോസ് കിട്ടുന്നവര്‍ ബാറ്റ് ചെയ്യും, ഫ്ലോറിഡയില്‍ റണ്ണൊഴുകും പിച്ച്; കാലാവസ്ഥ ചതിക്കുമോ?

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്‍റി 20 പരമ്പരയില്‍ ഒപ്പമെത്താനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നിറങ്ങുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് കളികളും ആതിഥേയര്‍ ജയിച്ചപ്പോള്‍ മൂന്നാം കളിയില്‍ ത്രില്ലര്‍ ജയവുമായി പ്രതീക്ഷ നിലനിര്‍ത്തിയിരുന്നു ടീം ഇന്ത്യ. മൂന്നാം ട്വന്‍റി 20യില്‍ ഏഴ് വിക്കറ്റിനാണ് ടീം ഇന്ത്യ ജയമടങ്ങിവരവ് നടത്തിയത്. വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17.5 ഓവറില്‍ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. ബാറ്റിംഗില്‍ സൂര്യകുമാർ യാദവിന്‍റെ വെടിക്കെട്ടും(44 പന്തില്‍ 83), തിലക് വർമ്മയുടെ ഗംഭീര ഇന്നിംഗ്സുമാണ്(37 പന്തില്‍ 49*) ഇന്ത്യക്ക് ജയമൊരുക്കിയത്. ബൗളിംഗില്‍ മൂന്ന് വിക്കറ്റുമായി സ്‌പിന്നര്‍ കുല്‍ദീപ് യാദവ് തിളങ്ങി.

Read more: ലോകകപ്പ് ടീമില്‍ ആരുടെ സ്ഥാനവും ഉറപ്പില്ല; വ്യക്തമാക്കി രോഹിത് ശര്‍മ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം