നാലാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ശുഭ വാര്‍ത്തകളാണ് ഫ്ലോറിഡയില്‍ നിന്ന് വരുന്നത്

ഫ്ലോറിഡ‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്‍റി 20 പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നിറങ്ങുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് കളികളും ആതിഥേയര്‍ ജയിച്ചപ്പോള്‍ മൂന്നാം കളിയില്‍ ത്രില്ലര്‍ ജയവുമായി പ്രതീക്ഷ നിലനിര്‍ത്തിയിരുന്നു ടീം ഇന്ത്യ. നാലാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ശുഭ വാര്‍ത്തകളാണ് ഫ്ലോറിഡയില്‍ നിന്ന് വരുന്നത്. ഞായറാഴ്‌ച പരമ്പരയിലെ അഞ്ചാമത്തെയും അവസാനതേയും മത്സരവും ഇതേ വേദിയിലാണ്.

ഇന്ന് ഫ്ലോറിഡയിലെ താപനില 27നും 34 ഡിഗ്രിക്കും ഇടയിലായിരിക്കും. മഴമേഘങ്ങള്‍ക്ക് സാധ്യതയുണ്ട് എങ്കിലും മഴ പെയ്യാനുള്ള വലിയ സാധ്യത കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്നില്ല. ഫ്ലോറിഡയിലെ പിച്ച് ബാറ്റിംഗിനെ പിന്തുണയ്ക്കുന്നതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇവിടെ മികച്ച സ്കോര്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമില്‍ നിന്ന് പ്രതീക്ഷിക്കാം. ഇന്ത്യയും വിന്‍ഡീസും തമ്മിലാണ് ഇവിടെ അവസാനം രാജ്യാന്തര ട്വന്‍റി 20 നടന്നത്. അവസാന പര്യടനത്തില്‍ രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ യഥാക്രമം 191, 188 റണ്‍സുകള്‍ നേടിയിരുന്നു. ഫ്ലോറിഡയില്‍ ഇതുവരെ നടന്ന 13ല്‍ 11 മത്സരങ്ങളും ആദ്യം ബാറ്റ് ചെയ്‌തവര്‍ ജയിച്ചു എന്നതാണ് ചരിത്രം. ഇത്തവണ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ആദ്യ മൂന്ന് കളികളിലും ബൗളര്‍മാരെ പിന്തുണയ്‌ക്കുന്ന പിച്ചുകളായിരുന്നു ഒരുക്കിയിരുന്നത്. ഫ്ലോറിഡ ബാറ്റര്‍മാരെ തുണയ്‌ക്കുമ്പോള്‍ പേസര്‍മാരേക്കാള്‍ മുന്‍തൂക്കം സ്‌പിന്നര്‍മാര്‍ക്കായിരിക്കും എന്നതാണ് ചരിത്രം. ഫ്ലോറിഡയില്‍ പേസര്‍മാരുടെ ഇക്കോണമി 8.15 ഉം സ്‌പിന്നര്‍മാരുടേത് 6.77 ഉം ആണ്. സ്‌പിന്നര്‍മാരായ അക്‌സര്‍ പട്ടേലിനും കുല്‍ദീപ് യാദവിനും പേസര്‍ അര്‍ഷ്‌ദീപ് സിംഗിനും ഇവിടെ മികച്ച റെക്കോര്‍ഡുണ്ട്. 

ഫ്ലോറിഡയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇതുവരെ ആറ് രാജ്യാന്തര ട്വന്‍റി 20കള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ നാല് എണ്ണം നീലപ്പട ജയിച്ചപ്പോള്‍ ഒന്നിലേ തോറ്റൊള്ളൂ. ഇവിടെ കളിച്ച അവസാന നാല് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. വരാനിരിക്കുന്ന രണ്ട് ടി20കളിലും ജയിച്ച് ഫ്ലോറിഡയിലെ മികച്ച റെക്കോര്‍ഡ് നിലനിര്‍ത്താന്‍ കൂടി ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. 

Read more: നിക്കോളാസ് പുരാനോ ഷിമ്രോന്‍ ഹെറ്റ്‌മെയറോ അല്ല; ഫ്ലോറിഡയില്‍ ഇന്ത്യക്ക് ഭീഷണി മറ്റൊരാള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം