വെസ്റ്റ് ഇന്‍ഡീസുമായുള്ള (IND vs WI) പരമ്പരയിലാണ് കായംകുളം പുല്ലുകുളങ്ങര സ്വദേശി മിഥുന്‍ ഇടം നേടിയത്. പതിനഞ്ചംഗ ടീമിനെയാണ് ആദ്യം തെരഞ്ഞെടുത്തത്.

ആലപ്പുഴ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ റിസര്‍വ് പട്ടികയില്‍ സ്ഥാനം പിടിച്ച എസ് മിഥുന് (S Midhun) ഗ്രൗണ്ടില്‍ ഇറങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ജന്മനാട്. വെസ്റ്റ് ഇന്‍ഡീസുമായുള്ള (IND vs WI) പരമ്പരയിലാണ് കായംകുളം പുല്ലുകുളങ്ങര സ്വദേശി മിഥുന്‍ ഇടം നേടിയത്. പതിനഞ്ചംഗ ടീമിനെയാണ് ആദ്യം തെരഞ്ഞെടുത്തത്. 

കോവിഡ് സാഹചര്യം പരിഗണിച്ചാണ് ആര് താരങ്ങളെകൂടി സെലക്റ്റര്‍മാര്‍ ടീമിനൊപ്പം ചേര്‍ത്തത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മിഥുനെ ടീമിലെടുക്കുന്നത്. ഈ മാസം ആറിനാണ് അഹമ്മദാബാദിലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. 9, 11 തീയതികളിളാണ് ശേഷിക്കുന്ന മത്സരങ്ങള്‍. ടി20 മത്സരങ്ങള്‍ 16, 18, 20 തിയ്യതികളില്‍ കൊല്‍ക്കത്തയില്‍ നടക്കും. 

മിഥുന്‍ കഴിഞ്ഞ ദിവസം അഹമ്മദാബാദിലേക്ക് തിരിച്ചു. രണ്ടു മാസം മുമ്പ് നടന്ന സയ്യിദ് മുഷ്താഖ് അലിയില്‍ മിഥുന്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് ഒമ്പത് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഈ പ്രകടനം തന്നെയാണ് സെലക്റ്റര്‍മാരുടെ ശ്രദ്ധ മിഥുനിലേക്ക് തിരിച്ചത്. നിലവില്‍ കേരള രഞ്ജി ടീം അംഗമാണ്. 

2018-19 ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ അംഗമായിരുന്നു. മിഥുന്‍ ഇന്ത്യക്കായി പന്തെറിയുന്നത് കാത്തിരിക്കുകയാണ് നാട്. കായംകുളം കേന്ദ്രമാക്കിയ ട്രാവന്‍കൂര്‍ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനത്തിലൂടെ വളര്‍ന്ന മിഥുന്‍ ദേശീയ ടീമിനൊപ്പം ചേരുന്നത് വലിയ നേട്ടമാണെന്ന് ഡയറക്ടര്‍ സിനില്‍ സബാദും പറഞ്ഞു.