ലോകകപ്പില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും സഞ്ജു സാംസണും തമ്മില്‍ മത്സരം വരാനിടയുണ്ട്
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിന് എതിരെ ടീം ഇന്ത്യയുടെ ഏകദിന പരമ്പര നാളെ തുടങ്ങുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനം വ്യാഴാഴ്‌ച ഇന്ത്യന്‍സമയം വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കും. മത്സരത്തിന് മുമ്പ് ഏവരും കാത്തിരിക്കുന്നത് ഇഷാന്‍ കിഷന്, സഞ്ജു സാംസണ്‍ എന്നിവരില്‍ ആരായിരിക്കും വിക്കറ്റ് കീപ്പര്‍ എന്നതാണ്. ഇരുവര്‍ക്കും സഒരേസമയം പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുമോ എന്ന ആകാംക്ഷയും നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ തന്‍റെ നിഗമനം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ വൈറ്ററനും കമന്‍റേറ്ററുമായ ദിനേശ് കാര്‍ത്തിക്.
'ലോകകപ്പില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും സഞ്ജു സാംസണും തമ്മില്‍ മത്സരം വരാനിടയുണ്ട്. ടീം ഇന്ത്യക്ക് ഇടംകൈയന്‍മാരുടെ അഭാവമുള്ളതിനാല്‍ ഇഷാന്‍ കിഷന് സഞ്ജു സാംസണേക്കാള്‍ മുന്‍തൂക്കമുണ്ട്. അതിനാല്‍ ഇഷാന്‍ ടീമിലുണ്ടാകാന്‍ സാധ്യതയേറെയാണ്. ടീമിന്‍റെ റിസര്‍വ് ഓപ്പണറുമായേക്കും ഇഷാന്‍' എന്നും ഡികെ വ്യക്തമാക്കി. പരിക്ക് മാറി തിരിച്ചെത്തുമ്പോള്‍ കെ എല്‍ രാഹുലായിരിക്കും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍ എന്നുറപ്പായിട്ടുണ്ട്. രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാവും സഞ്ജുവും ഇഷാനും തമ്മില്‍ പോരാട്ടം നടക്കുക. ഇഷാനെ ബാക്ക്അപ് ഓപ്പണറായി പരിഗണിക്കാമെങ്കില്‍ സഞ്ജുവിനെ മധ്യനിരയില്‍ കരുത്തുകൂട്ടാന്‍ ടീമിന് പ്രയോജനപ്പെടുത്താം.
വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണിന്‍റെയും ഇഷാന്‍ കിഷന്‍റേയും പേരുണ്ട്. ടീം ഇന്ത്യക്കായി 11 ഏകദിനങ്ങളെ ഇതുവരെ കളിച്ചിട്ടുള്ളൂവെങ്കിലും മികച്ച ബാറ്റിംഗ് റെക്കോര്‍ഡാണ് സഞ്ജുവിനുള്ളത്. 66 ശരാശരിയിലും 104.76 സ്ട്രൈക്ക് റേറ്റിലും 330 റണ്‍സുണ്ട് താരത്തിന്. 2022ല്‍ ന്യൂസിലന്‍ഡിനെതിരെ അവസാനമായി ഏകദിനം കളിച്ച സഞ്ജുവിനെ വിന്‍ഡീസ് പര്യടനത്തിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. അതേസമയം വിന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റില്‍ വേഗത്തില്‍ കന്നി ഫിഫ്റ്റി നേടിയാണ് ഇഷാന്‍ കിഷന്‍ വരുന്നത്. 2 ടെസ്റ്റുകളുടെയും 14 ഏകദിനങ്ങളുടെയും 27 രാജ്യാന്തര ട്വന്‍റി 20കളുടേയും പരിചയമുള്ള ഇഷാനാണ് പരിചയസമ്പത്തില്‍ മുന്‍തൂക്കം.
