നാളെ വെസ്റ്റ് ഇന്‍ഡീസിനെതിരായ (INDvWI) ഏകദിനത്തില്‍ രോഹിത് ഇന്ത്യയുടെ ഔദ്യോഗിക ക്യാപ്റ്റനായി അരങ്ങേറും. രോഹിത്തിന് കീഴില്‍ കോലി കളിക്കുന്ന ആദ്യ പരമ്പര കൂടിയായിരിക്കുമിത്.
അഹമ്മദാബാദ്: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മുഴുവന്‍ സമയ ക്യാപ്റ്റനാവാന്‍ ഒരുങ്ങുകയാണ് രോഹിത് ശര്‍മ (Rohit Sharma). നാളെ വെസ്റ്റ് ഇന്‍ഡീസിനെതിരായ (INDvWI) ഏകദിനത്തില്‍ രോഹിത് ഇന്ത്യയുടെ ഔദ്യോഗിക ക്യാപ്റ്റനായി അരങ്ങേറും. രോഹിത്തിന് കീഴില്‍ കോലി കളിക്കുന്ന ആദ്യ പരമ്പര കൂടിയായിരിക്കുമിത്. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.
ഇതിനിടെ ഒരു വ്യക്തിഗത നേട്ടത്തിനരികെയാണ് രോഹിത്. വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ (Sachin Tendulkar) പിന്തള്ളാന്‍ രോഹിത്തിന് അവസരമുണ്ട്. വിന്‍ഡീസിനെതിരെ 33 കളിയില്‍ നിന്ന് 1523 റണ്‍സ് ആണ് രോഹിത് സ്‌കോര്‍ ചെയ്തത്. 39 മത്സരങ്ങളില്‍ നിന്ന് 1573 റണ്‍സ് ആണ് സച്ചിന്‍ നേടിയത്. സച്ചിനെ മറികടക്കാന്‍ രോഹിത്തിന് 51 റണ്‍സ് കൂടെ മതി.
ഇക്കാര്യത്തില്‍ കോലിയാണ് ഒന്നാമന്‍. 39 മത്സരങ്ങളില്‍ 2235 റണ്‍സാണ് കോലി നേടിയത്. നാട്ടില്‍ വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലും കോലിയാണ് മുന്നില്‍. 20 മത്സരങ്ങളില്‍ 1239 റണ്‍സാണ് കോലി നേടിയത്. 16 മത്സരങ്ങളില്‍ 1040 നേടിയ രോഹിത്താണ് രണ്ടാം സ്ഥാനത്ത്. സച്ചിന്‍ മൂന്നാം സ്ഥാനത്തുണ്ട്. 17 മത്സരങ്ങളില്‍ നേടിയത് 677 റണ്‍സ്.
ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് തൊട്ടടുത്ത്. 12 ഏകദിനങ്ങളില്‍ 560 റണ്‍സാണ് ദ്രാവിഡ് നേടിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ അഞ്ചാമതുണ്ട്. 19 മത്സരങ്ങളില്‍ നേടിയത് 528 റണ്‍സ്.
വിന്‍ഡിസിനെതിരെ കോഹ്ലിയുടെ ബാറ്റിങ് ശരാശരി 72 ആണ്. രോഹിത്തിന്റേത് 80. 2019ല്‍ വിന്‍ഡിസ് ഇന്ത്യയിലേക്ക് വന്നപ്പോള്‍ രോഹിത്തായിരുന്നു റണ്‍വേട്ടയില്‍ മുന്നില്‍. മൂന്ന് കളിയില്‍ നിന്ന് രോഹിത് സ്‌കോര്‍ ചെയ്തത് 258 റണ്‍സ്.
