വെസ്റ്റ് ഇന്‍ഡീസിലെ തന്‍റെ ഓര്‍മ്മകള്‍ സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി

ഡൊമിനിക്ക: ടീം ഇന്ത്യക്ക്വീണ്ടുമൊരു വെസ്റ്റ് ഇന്‍ഡീസ് പര്യടനം കൂടി വന്നിരിക്കുകയാണ്. പ്രതാപകാലത്തിന്‍റെ നിഴലില്‍ പോലുമില്ല നിലവിലെ വിന്‍ഡീസ് എങ്കിലും കരീബിയന്‍ പിച്ചുകളിലെ സാഹചര്യം ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് അത്ര അനുകൂലമായിരിക്കില്ല. അതിനാല്‍ തന്നെ ചേതേശ്വര്‍ പൂജാര ഒഴികെയുള്ള എല്ലാ വമ്പന്‍ താരങ്ങളുമായാണ് ഇന്ത്യ വിന്‍ഡീസ് പര്യടനത്തിന് എത്തിയിരിക്കുന്നത്. പരമ്പര തുടങ്ങും മുമ്പ് വെസ്റ്റ് ഇന്‍ഡീസിലെ തന്‍റെ ഓര്‍മ്മകള്‍ സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. 

'സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന് മുന്നില്‍ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയതാണ് വിന്‍ഡീസിലെ എന്‍റെ ഏറ്റവും ഇഷ്‌ടപ്പെട്ട ഓര്‍മ്മ. അതൊരു വളരെ സ്‌പെഷ്യല്‍ മൊമന്‍റായിരുന്നു. ഡബിള്‍ സെഞ്ചുറിക്ക് ശേഷം അദേഹം എന്നെ അഭിനന്ദിച്ചു. അതിനേക്കാള്‍ വലിയ പ്രശംസ എനിക്ക് ലഭിക്കാനില്ല' എന്നുമാണ് കിംഗ് കോലിയുടെ വാക്കുകള്‍. വിരാട് കോലിയടക്കം സമകാലിക ക്രിക്കറ്റിലെ പല ഇതിഹാസങ്ങളേയും പ്രചോദിപ്പിച്ച ക്രിക്കറ്ററാണ് വെസ്റ്റ് ഇന്‍ഡീസിന്‍റെ വിവിയന്‍ റിച്ചാര്‍ഡ്‌സ്. ഇതിനൊപ്പം വിന്‍ഡീസിന്‍റെ മറ്റൊരു ഇതിഹാസം ക്രിസ് ഗെയ്‌ലിനെ കുറിച്ചും കോലി മനസുതുറന്നു. 'ഗെയ്‌ല്‍ വളരെ സ്നേഹമുള്ള മനുഷ്യനാണ്. ഞങ്ങള്‍ ജമൈക്കയില്‍ എത്തുമ്പോള്‍ അദേഹം ടീമിനെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ട്. എല്ലാവര്‍ക്കും ഗെയ്‌ലിനെ ഇഷ്‌ടമാണ്. ഇത്തവണയും ഗെയ്‌ല്‍ ജമൈക്കയിലുണ്ടെങ്കില്‍ തീര്‍ച്ചയായും കണ്ടുമുട്ടും' എന്നും കോലി കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ സഹതാരങ്ങളായിരുന്നു കോലിയും ഗെയ്‌ലും. 

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20കളുമാണുള്ളത്. ഒരാഴ്ച നീണ്ട പരിശീലന ക്യാമ്പ് കഴിഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡൊമിനിക്കയില്‍ എത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റ് ജൂലൈ 12 മുതല്‍ ഡൊമിനിക്കയിലും രണ്ടാം ടെസ്റ്റ് 20 മുതല്‍ ട്രിനിഡാഡിലും നടക്കും. ബാർബഡോസില്‍ ജൂലൈ 27, 29 തിയതികളില്‍ ആദ്യ രണ്ട് ഏകദിനങ്ങളും ഓഗസ്റ്റ് 1ന് ട്രിനിഡാഡില്‍ മൂന്നാം മത്സരവും അരങ്ങേറും. അഞ്ച് ടി20കളില്‍ ആദ്യത്തേത് മൂന്നിന് ട്രിനിഡാഡിലും പിന്നീടുള്ള രണ്ടെണ്ണം 6, 8 തിയതികളില്‍ ഗയാനയിലും നടക്കും. അവസാന രണ്ട് ടി20കള്‍ക്ക് 12, 13 തിയതികളില്‍ ഫ്ലോറിഡ വേദിയാവും. പരമ്പരയിലെ ഏകദിന, ടി20 സ്ക്വാഡുകളില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചിട്ടുണ്ട്. 

Read more: വെസ്റ്റ് ഇന്‍ഡീസ് പര്യടനം: കിടുക്കാച്ചി പ്രൊമോയില്‍ തിളങ്ങി സഞ്ജു സാംസണ്‍- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News