ടോസിലെ നിര്‍ഭാഗ്യം വിന്‍ഡീസിനെ ബാറ്റിംഗിലും പിന്തുടര്‍ന്നു. മൂന്നാം ഓവറില്‍ തന്നെ വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. എട്ട് റണ്‍സെടുത്ത ഷായ് ഹോപ്പിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കിയതോടെ വിന്‍ഡീസിന്‍റെ തകര്‍ച്ചയും തുടങ്ങി.
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍(IND vs WI) ഇന്ത്യക്ക് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ക വിന്‍ഡീസ് 43.5 ഓവറില്‍ 176 റണ്‍സിന് ഓള്‍ ഔട്ടായി. 57 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറാണ്(Jason Holder) വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചാഹല്‍(Yuzvendra Chahal) നാലും വാഷിംഗ്ടണ്‍ സുന്ദര്‍(Washington Sundar) മൂന്നും പ്രസിദ്ധ് കൃഷ്ണ(Prasidh Krishna) രണ്ടും വിക്കറ്റെടുത്തു.
തകര്‍ച്ചയോടെ തുടക്കം
ടോസിലെ നിര്‍ഭാഗ്യം വിന്‍ഡീസിനെ ബാറ്റിംഗിലും പിന്തുടര്‍ന്നു. മൂന്നാം ഓവറില്‍ തന്നെ വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. എട്ട് റണ്‍സെടുത്ത ഷായ് ഹോപ്പിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കിയതോടെ വിന്‍ഡീസിന്‍റെ തകര്‍ച്ചയും തുടങ്ങി. രണ്ടാം വിക്കറ്റില്‍ ബ്രാണ്ടന്‍ കിംഗും(13), ഡാരന്‍ ബ്രാവോയും(18) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ബ്രാണ്ടന്‍ കിംഗിനെയും ഡാരന്‍ ബ്രാവോയെയും മടക്കി വാഷിംഗ്ടണ്‍ സുന്ദര്‍ വിന്‍ഡീസ് പ്രതിരോധം തകര്‍ത്തു.
നടുവൊടിച്ച് ചാഹല്‍
സുന്ദര്‍ വെട്ടിയവഴിയിലൂടെ വിന്‍ഡീസിന്‍റെ നടുവൊടിച്ചത് യുസ്‌വേന്ദ്ര ചാഹലായിരുന്നു. ഷമ്രാ ബ്രൂക്സിനെ(12) റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച ചാഹല്‍ നിക്കോളാസ് പുരാനെ(18) വിക്കറ്റിന് മുന്നില്‍ കുടുക്കി. ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിനെ നേരിട്ട ആദ്യ പന്തില്‍ മടക്കിയ ചാഹല്‍ നടുവൊടിച്ചതോടെ 79-7ലേക്ക് വിന്‍ഡീസ് കൂപ്പുകുത്തി.
തിരിച്ചടിച്ച് ഹോള്‍ഡറും അലനും

എന്നാല്‍ എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജേസണ്‍ ഹോള്‍ഡറും ഫാബിയന്‍ അലനും ചേര്‍ന്ന് 78 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി വിന്‍ഡീസിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. 58 പന്തില്‍ ഹോള്‍ഡര്‍ അര്‍ധസെഞ്ചുറിയിലെത്തിയതിന് പിന്നാലെ ഫാബിയന്‍ അലനെ(29) സ്വന്തം ബൗളിംഗില്‍ പിടികൂടി സുന്ദര്‍ വിന്‍ഡീസിന്‍റെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചു. വിന്‍ഡീസിന്‍റെ അവസാന പ്രതീക്ഷയായ ഹോള്‍ഡറെ(57) പ്രസിദ്ധ് കൃഷ് റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചതോടെ അവരുടെ അവസാന പ്രതിരോധവും തകര്‍ന്നു.
ചാഹലിനെ സിക്സിന് പറത്തിയ അല്‍സാരി ജോസഫ് അവസാന വെടിക്കെട്ടിന് തിരികൊളുത്തിയെങ്കിലും ചാഹല്‍ തന്നെ അത് തല്ലിക്കെടുത്തിയതോടെ വിന്‍ഡീസ് ഇന്നിംഗ്സ് 176 റണ്‍സിലൊതുക്കി. 79-7ല്‍ നിന്ന് 100 പോലും കടക്കില്ലെന്ന് കരുതിയ വിന്‍ഡീസിനെ ഹോള്‍ഡറും അലനും ചേര്‍ന്ന് ഭേദപ്പട്ട സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി ചാഹല്‍ 9.5 ഓവറില്‍ 49 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ സുന്ദര്‍ ഒമ്പതോവറില്‍ 30 റണ്‍സിന് മൂന്നും പ്രസിദ്ധ് കൃഷ്ണ 10 ഓവറില്‍ 29 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു. എട്ടോവറില്‍ 26 റണ്‍സിന് ഒരു വിക്കറ്റെടുത്ത സിറാജും ബൗളിംഗില്‍ തിളങ്ങി.
