യശസ്വി ജയ്‌സ്വാള്‍ (17), ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന്‍ (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

നോര്‍താംപ്റ്റണ്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ രണ്ടിന് 46 എന്ന നിലയിലാണ്. ഇതിനിടെ മഴയെ തുടര്‍ന്ന് അല്‍പനേരം മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. മത്സരം പുനരാരംഭിക്കുമ്പോള്‍ കെ എല്‍ രാഹുല്‍ (11), കരുണ്‍ നായര്‍ (3) എന്നിവരാണ് ക്രീസില്‍. യശസ്വി ജയ്‌സ്വാള്‍ (17), ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന്‍ (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്രിസ് വോക്‌സിനായിരുന്നു രണ്ട് വിക്കറ്റുകളും. ജയ്‌സ്വാള്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ അഭിമന്യൂ ബൗള്‍ഡാവുകയായിരുന്നു.

നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജെയിംസ് റ്യൂ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തി. സര്‍ഫറാസ് ഖാനാണ് വഴിമാറി കൊടുത്തത്. തനുഷ് കൊട്ടിയാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഖലീല്‍ അഹമ്മദ് എന്നിവരും ടീമിലെത്തി. ഹര്‍ഷ് ദുബെ, ഹര്‍ഷിത് റാണ, മുകേഷ് കുമാര്‍ എന്നിവര്‍ പുറത്തായി. തനുഷാണ് ടീമിലെ ഏക സ്പിന്നര്‍. രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തു. ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്കവാദ് എന്നിവര്‍ക്ക് ഇന്നും അവസരം ലഭിച്ചില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ എ: കെ.എല്‍. രാഹുല്‍, യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഷാര്‍ദുല്‍ താക്കൂര്‍, തനുഷ് കോട്ടിയന്‍, അന്‍ഷുല്‍ കാംബോജ്, തുഷാര്‍ ദേശ്പാണ്ഡെ, ഖലീല്‍ അഹമ്മദ്.

ഇംഗ്ലണ്ട് ലയണ്‍സ്: ടോം ഹെയ്ന്‍സ്, ബെന്‍ മക്കിന്നി, എമിലിയോ ഗേ, ജോര്‍ദാന്‍ കോക്‌സ്, ജെയിംസ് റ്യൂ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മാക്‌സ് ഹോള്‍ഡന്‍, ജോര്‍ജ്ജ് ഹില്‍, ക്രിസ് വോക്‌സ്, ഫര്‍ഹാന്‍ അഹമ്മദ്, ജോഷ് ടംഗ്, എഡി ജാക്ക്.

റണ്‍മല കണ്ട ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചെങ്കിലും ടെസ്റ്റ് ടീമിലെ പ്രധാന താരങ്ങളെല്ലാം മികവ് കാട്ടിയത് ഇന്ത്യ എക്ക് ആശ്വാസകരമാണ്. ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്ലിനെയും സായ് സുദര്‍ശനെയും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇരുവര്‍ക്കും ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു.

ഇരുവരും ഉടനെ ഇംഗ്ലണ്ടിലെത്തും. രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതോടെ ടെസ്റ്റ് ടീമിലെ സീനിയര്‍ ബാറ്ററായ രാഹുലാണ് ശ്രദ്ധാകേന്ദ്രം. ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ മൂന്നാമതും കരുണ്‍ നായര്‍ നാലാമതും ബാറ്റിംഗിനെത്തും.

YouTube video player