രോഹിത് ശര്‍മയുടെ വിരമിക്കലിനെ തുടര്‍ന്നാണ് ഗില്ലിന് നറുക്ക് വീണത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയ്ക്ക് ഗില്‍ നേതൃത്വം നല്‍കും.

മുംബൈ: അടുത്തിടെയാണ് ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ ടെസ്റ്റ് നായകനായി നിയമിതനായത്. രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് ഗില്ലിന് നറുക്ക് വീണത്. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ഗില്ലാണ്. ഗില്‍ ക്യാപ്റ്റനാവുമ്പോള്‍ ഒരുപാട് ആശങ്കകളും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ പങ്കുവച്ചിരുന്നു. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ജസ്പ്രിത് ബുമ്ര എന്നിവരെയൊക്കെ മറികടന്നാണ് ഗില്‍ ക്യാപ്റ്റനാകുന്നത്. അദ്ദേഹത്തിന് ടീമിനെ നയിക്കാനുള്ള പാകത ആയിട്ടില്ലെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചിരുന്നു. അതിന് മുമ്പ് ക്യാപ്റ്റനും കോച്ച് ഗൗതം ഗംഭീറും മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാവുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗില്‍ വ്യക്തമാക്കി. ഗില്ലിന്റെ വാക്കുകള്‍... ''ഇന്ത്യക്ക് വേണ്ടി കളിക്കണമെന്നും മികച്ച പ്രകടനം പുറത്തെടുക്കണമെന്നുമാണ് ഞാന്‍ സ്വപ്‌നം കണ്ടിരുന്നത്. ഒരു ബാറ്ററായി എനിക്ക് കഴിയുന്നതെല്ലാം ചെയ്ത് ടീമിനെ ജയിപ്പിക്കണമെന്നും ഞാന്‍ ആഗ്രഹിക്കാറുണ്ട്. എന്റെ സ്വപ്നങ്ങളില്‍ പോലും, ഒരു ദിവസം ഞാന്‍ ഇന്ത്യന്‍ ടീമിന്റെ നായകനാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.'' ഗില്‍ പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''വളരുന്തോറും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുമെന്നും പിന്നീട് ഒരു ക്യാപ്റ്റന്റെ പങ്ക് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുമെന്നുമാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍, ഇന്ത്യയ്ക്കുവേണ്ടി കളിക്കണമെന്നും മത്സരങ്ങള്‍ ജയിക്കണമെന്നും മാത്രമാണ് ഞാന്‍ കരുതിയത്.'' ഗില്‍ വ്യക്തമാക്കി.

നാലാം നമ്പറിനെ കുറിച്ചും ഗില്‍ സംസാരിച്ചു. ''ടീം കോമ്പിനേഷനെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചിട്ടില്ല. ഇനിയും കുറച്ച് സമയമുണ്ട്. ഇംഗ്ലണ്ടില്‍ ഇന്‍ട്രാ-സ്‌ക്വാഡ് മത്സരവും 10 ദിവസത്തെ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. അതിനൊക്കെ ശേഷം ടീം തീരുമാനിക്കും.'' ഗില്‍ കൂട്ടിചേര്‍ത്തു.

അതേസമയം, കരുണ്‍ നായര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും ഗംഭീര്‍ പറഞ്ഞു. ''ഒന്നോ രണ്ടോ ടെസ്റ്റുകള്‍ നോക്കി ഞങ്ങള്‍ ഒരാളെ വിലയിരുത്തില്ല. ധാരാളം റണ്‍സ് നേടിയ താരമാണ് കരുണ്‍. കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. അങ്ങനെ അദ്ദേഹത്തിന് ഇവിടെ തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയും.'' ഗംഭീര്‍ വ്യക്തമാക്കി.

YouTube video player