തിരുവനന്തപുരം: ഇന്ത്യ എയ്‌ക്കെതിരെ നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക എയ്ക്ക് ജയം. ഇടയ്ക്കിടെ മഴ വില്ലനായെത്തിയ മത്സരത്തില്‍ മഴ നിയമപ്രകാരം നാല് റണ്‍സിനാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. മഴ കാരണം ഇരു ടീമുകള്‍ക്കും 25 ഓവറാണ് നല്‍കിയിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക് 25 ഓവറില്‍ 137 റണ്‍സെടുത്തു. ഇടയ്ക്ക് മഴ തടസപ്പെടുത്തിയത് കാരണം മഴ നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 193 റണ്‍സായി പുനര്‍നിശ്ചയിച്ചു. എന്നാല്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനാണ് സാധിച്ചത്. 

ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. രണ്ട് പന്ത് നേരിട്ട സഞ്ജു ഒരു റണ്‍സിന് പുറത്തായി. 52 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ടോപ് സ്‌കോറര്‍. പ്രശാന്ത് ചോപ്ര (26), ശ്രേയസ് അയ്യര്‍ (26), ശിവം ദ്യുബെ (31 എന്നിവരാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. സഞ്ജുവിന് പുറമെ ശുഭ്മാന്‍ ഗില്‍ (12), നിതീഷ് റാണ (1), വാഷിംഗ്ടണ്‍ സുന്ദര്‍ (7), തുഷാര്‍ ദേശ്പാണ്ഡെ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രാഹുല്‍ ചാഹര്‍ (17), ഇഷാന്‍ പോറല്‍ (0) എന്നിവര്‍ പുറത്താവാതെ നിന്നു.

ആന്റിച്ച് നോര്‍ജെ, മാര്‍കോ ജാന്‍സണ്‍, ലുതോ സിംപാല എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് വീതം നേടി. നേരത്തെ, റീസ ഹെന്‍ഡ്രിക്‌സിന്റെ (60) പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.