തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍‌ട്‌സ്‌ഹബ്ബില്‍ മഴമൂലം വൈകിയ ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ രണ്ടാം ഏകദിനം 21 ഓവര്‍ വീതമായി ചുരുക്കി. രാവിലെ ഒന്‍പതിന് ആരംഭിക്കേണ്ടിയിരുന്ന മത്സരമാണ് ഔട്ട് ഫീല്‍ഡിലെ നനവുമൂലം വൈകി ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 69 റണ്‍സിന് കീഴടക്കിയ ഇന്ത്യന്‍ നിര അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ മുന്നിലാണ്.

ആദ്യ ഏകദിനത്തില്‍ ആധികാരികമായിരുന്നു ഇന്ത്യന്‍ ജയം. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ ആറു വിക്കറ്റ് നഷ്ടത്തിൽ 327 റൺസ് നേടി. 45 ഓവറിൽ 258 റൺസ് നേടാനേ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചുള്ളൂ. അഞ്ചു വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.