മുംബൈ: ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ക്രിക്കറ്റ് ടീമിൽ മലയാളി ഫാസ്റ്റ് ബൗളർ സന്ദീപ് വാര്യരെയും സഞ്ജു സാംസണേയും ഉൾപ്പെടുത്തി. സന്ദീപിനെ ഏകദിന, ടെസ്റ്റ് ടീമുകളിലും സഞ്ജുവിനെ ഏകദിന ടീമിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദിന ടീമിനെ ശുഭ്മാൻ ഗില്ലും ടെസ്റ്റ് ടീമിനെ ഹനുമ വിഹാരിയും നയിക്കും. 

പരുക്ക് മാറിയ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ, എട്ടുമാസത്തെ വിലക്ക് കഴിഞ്ഞ യുവതാരം പൃഥ്വി ഷോ എന്നിവർ ടീമിലുണ്ട്. ക്രുനാൽ പാണ്ഡ‍്യ, മായങ്ക് അ‍ഗർവാൾ, ശിവം ദുബേ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, ആർ അശ്വിൻ, വൃദ്ധിമാൻ സാഹ, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്, തുടങ്ങിയവരും ടീമിലുണ്ട്. ഇന്ത്യ എ മൂന്ന് ഏകദിനത്തിലും രണ്ട് ടെസ്റ്റിലുമാണ് കളിക്കുക.

ടി20 ടീമിലും സഞ്ജു

ശ്രീലങ്കയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്കുള്ള ടീമിലും സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി അഞ്ചിന് തുടങ്ങുന്ന പരമ്പരയില്‍ മൂന്നാം ഓപ്പണറായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. രോഹിത് ശർമ്മയ്ക്ക് വിശ്രമം നൽകിയപ്പോൾ ശിഖർ ധവാൻ തിരിച്ചെത്തി. ഇതുകൊണ്ടുതന്നെ സ‍ഞ്ജുവിന് കളിക്കാൻ അവസരം കിട്ടുമോ എന്ന് കണ്ടറിയണം. വിരാട് കോലി ക്യാപ്റ്റനായി തുടരും. 

പരുക്കിൽനിന്ന് മോചിതനായ ജസ്പ്രീത് ബുമ്ര തിരിച്ചെത്തിയപ്പോൾ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചു. ഇന്ത്യൻ ടീമിലെത്തും മുൻപ് ശാരീരികക്ഷമത തെളിയിക്കാൻ കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ബുംറ ഗുജറാത്തിനായി കളിക്കും.ലങ്കയ്‌ക്കെതിരായ പരമ്പരയിൽ മൂന്ന് ട്വന്‍റി 20യാണുള്ളത്. ബുംറയെയും ധവാനെയും ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

കെ എൽ രാഹുൽ ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, നവദീപ് സെയ്‌നി, ശിവം ദുബേ, ഷർദുൽ താക്കൂർ, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ എന്നിവർ രണ്ട് ടീമിലും വാഷിംഗ്ടൺ സുന്ദർ ട്വന്‍റി 20 ടീമിലും മനിഷ് പാണ്ഡേയും കേദാർ ജാദവും ഏകദിന ടീമിലും ഇടംപിടിച്ചു. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ഏകദിനത്തിലാണ് ഇന്ത്യ കളിക്കുക.