ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡ് പര്യടനത്തിനിടെ ഇന്ത്യ എ ടീമിന് തിരിച്ചടിയായി പരിക്ക്. കൈക്ക് പൊട്ടലേറ്റ പേസര്‍ ഖലീല്‍ അഹമ്മദ് പരമ്പരയില്‍ നിന്ന് പുറത്തായി. ജനുവരി 22ന് നടന്ന ആദ്യ ഏകദിനത്തിനിടെയാണ് ഖലീലിന് പരിക്കേറ്റത്. കൈക്ക് പ്ലാസ്റ്ററിട്ട താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സക്ക് വിധേയനാകും എന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 

ആദ്യ ഏകദിനത്തില്‍ ഖലീല്‍ അഹമ്മദ് 9.3 ഓവറില്‍ 43 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. രണ്ടാം ഏകദിനത്തില്‍ എട്ട് ഓവറില്‍ 46 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും നേടി.

ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ പരമ്പരയില്‍ മൂന്ന് അനൗദ്യോഗിക ഏകദിനങ്ങളും രണ്ട് ചതുര്‍ദിന മത്സരങ്ങളുമാണ് ഇന്ത്യ എ കളിക്കുന്നത്. ഒരു മത്സരം അവശേഷിക്കേ ഏകദിന പരമ്പര 1-1ന് സമനിലയിലാണ്. ആദ്യ ഏകദിനം ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരം ന്യൂസിലന്‍ഡ് 29 റണ്‍സിന് നേടി. പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം ഏകദിനം ഞായറാഴ്‌ച നടക്കും.  

ഇന്ത്യക്ക് വേണ്ടി 11 ഏകദിനങ്ങളും 14 ടി20കളും ഖലീല്‍ അഹമ്മദ് കളിച്ചിട്ടുണ്ട്. 15, 13 എന്നിങ്ങനെയാണ് വിക്കറ്റ് നേട്ടങ്ങള്‍.