കണക്കുകളിലും നിലവിലെ കരുത്തിലും ഇന്ത്യയ്ക്കാണ് വ്യക്തമായ മേൽക്കൈ. ഇരുടീമുകളും ഏറ്റുമുട്ടിയ അവസാന 10 മത്സരങ്ങളിൽ ഒൻപതിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.
ദുബായ്: വനിതാ ഏഷ്യാ കപ്പ് ടി20 ടൂർണമെന്‍റിലെ ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഇന്ത്യ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ശ്രീലങ്കയെ നേരിടും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകിട്ട് എട്ടിനാണ് കിരീടപ്പോരാട്ടം ആരംഭിക്കുന്നത്. രണ്ടുവർഷം മുൻപ് നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനാണ് ഇന്ത്യ തയാറെടുക്കുന്നതെങ്കിൽ, കിരീടം നിലനിർത്തുകയാണ് ലങ്കൻ സംഘത്തിന്‍റെ ലക്ഷ്യം.
കണക്കുകളിലും നിലവിലെ കരുത്തിലും ഇന്ത്യയ്ക്കാണ് വ്യക്തമായ മേൽക്കൈ. ഇരുടീമുകളും ഏറ്റുമുട്ടിയ അവസാന 10 മത്സരങ്ങളിൽ ഒൻപതിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഓപ്പണർമാരായ സ്മൃതി മന്ദാന, ഷെഫാലി വർമ്മ എന്നിവർക്കൊപ്പം പ്രതിക രാവലും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും അടങ്ങുന്ന ശക്തമായ ബാറ്റിംഗ് നിര മികച്ച ഫോമിലാണ്. ബൗളിംഗിൽ ദീപ്തി ശർമ്മ നയിക്കുന്ന ആക്രമണവും ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നു.ഇതുവരെ നടന്ന മത്സരങ്ങളുടെ ഗതി നിർണയിച്ചത് സ്പിന്നർമാരായിരുന്നു.
ഇന്ത്യയുടെ ദീപ്തി ശർമ്മ, ശ്രീചരണി, പ്രേമ റാവത്ത് എന്നിവരടങ്ങുന്ന സ്പിൻ ത്രയം ഇതുവരെ 26 വിക്കറ്റുകൾ വീഴ്ത്തിക്കഴിഞ്ഞു. 25 വിക്കറ്റുകൾ നേടിയ ലങ്കൻ സ്പിന്നർമാരും ഒട്ടും പിന്നിലല്ല. അതിനാൽ ഫൈനലിൽ സ്പിൻ ബൗളിംഗിനെ അതിജീവിച്ച് ആധിപത്യം സ്ഥാപിക്കുന്നവർ കപ്പുയർത്തും. ഇന്ത്യൻ ഇലവനിൽ ഷെഫാലി വർമ്മ - സ്മൃതി മന്ദാന കൂട്ടുകെട്ടിന്‍റെ പ്രകടനം അതിനിർണായകമാകും. ഇരുവരും തുടക്കത്തിൽ തന്നെ താളം കണ്ടെത്തിയാൽ ലങ്കൻ ബൗളർമാർ പ്രതിരോധത്തിലാകും. ടൂർണമെന്‍റിലുടനീളം കൃത്യമായ ഇലവനെ നിലനിർത്തി മുന്നേറിയ ഇന്ത്യ മാറ്റങ്ങളൊന്നുമില്ലാതെ ഫൈനലിനിറങ്ങാനാണ് സാധ്യത.
എന്നാൽ സ്ക്വാഡിലെ 17 പേരിൽ 14 പേരെയും കളിപ്പിച്ച ശ്രീലങ്ക അവസാന പോരാട്ടത്തിലും പരീക്ഷണങ്ങൾ തുടർന്നേക്കാം. ടൂർണമെന്‍റിൽ ഇതുവരെ രണ്ട് തവണ മാത്രമാണ് 150-ന് മുകളിൽ സ്കോർ പിറന്നത്. രണ്ടും ഇന്ത്യൻ ബാറ്റിംഗ് നിര തകർത്തടിച്ചപ്പോഴായിരുന്നു. ടൂർണമെന്‍റിൽ ഇതുവരെ നടന്ന 14 കളികളിൽ ഒൻപതിലും ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത് എന്നതിനാൽ ഫൈനലിൽ ടോസ് നിർണായക ഘടകമാകും.
