സെഞ്ചുറി നേടിയ കെ എല്‍ രാഹുലും അര്‍ധസെഞ്ചുറികള്‍ നേടിയ റിഷഭ് പന്തും രവീന്ദ്ര ജഡേജയും ഇന്ത്യക്കായി പൊരുതിയെങ്കിലും വാലറ്റത്ത് 11 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായതാണ് ഇന്ത്യയുടെ ലീഡ് മോഹങ്ങള്‍ ഇല്ലാതാക്കിയത്.
ലോര്‍ഡ്സ്: ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡില്ലാതെ ഇംഗ്ലണ്ടും ഇന്ത്യയും. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 387 റണ്‍സിന് മറുപടിയായി 145-3 എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ 387 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാ ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റണ്‍സെടുത്തിട്ടുണ്ട്.
സെഞ്ചുറി നേടിയ കെ എല്‍ രാഹുലും അര്‍ധസെഞ്ചുറികള്‍ നേടിയ റിഷഭ് പന്തും രവീന്ദ്ര ജഡേജയും ഇന്ത്യക്കായി പൊരുതിയെങ്കിലും വാലറ്റത്ത് 11 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായതാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് മോഹങ്ങള്‍ ഇല്ലാതാക്കിയത്. ആദ്യ ഇന്നിംഗ്സില്‍ 271-7 എന്ന സ്കോറില്‍ തകര്‍ന്നശേഷം ഇംഗ്ലണ്ട് അവസാന മൂന്ന് വിക്കറ്റില്‍ 116 റണ്‍സടിച്ചെങ്കില്‍ 376-6ല്‍ നിന്നാണ് ഇന്ത്യ 387 റണ്‍സിന് ഓള്‍ ഔട്ടായത്.
മൂന്നാം ദിനം ആദ്യ സെഷനില്‍ റിഷഭ് പന്തും കെ എല്‍ രാഹുലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 141 റണ്‍സും ജഡേജയും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 72 റണ്‍സും ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 50 റണ്‍സും കൂട്ടിച്ചേര്‍ത്തെങ്കിലും ജഡേജ പുറത്തായതോടെ ഇന്ത്യൻ വാലറ്റം 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കൂടാരം കയറി. ആകാശ് ദീപ്(7), ജസ്പ്രീത് ബുമ്ര(0) എന്നിവര്‍ വന്നപോലെ മടങ്ങിയപ്പോള്‍ പൊരുതി നിന്ന വാഷിംഗ്ടണ്‍ സുന്ദര്‍(23) അവസാന ബാറ്ററായി പുറത്തായി. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്നും ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.
മൂന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന ഭേദപ്പെ്ട നിലയിലായിരുന്നു. ലഞ്ചിന് തൊട്ടു മുമ്പ് റിഷഭ് പന്ത് റണ്ണൗട്ടായതോടെ നാലു വിക്കറ്റ് നഷ്ടത്തില്‍ 248 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ ലഞ്ചിന് പിരിഞ്ഞത്. ലഞ്ചിന് പിരിയുമ്പോള്‍ 98 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന രാഹുല്‍ ലഞ്ചിന് ശേഷമുള്ള രണ്ടാം ഓവറില്‍ തന്നെ ലോര്‍ഡ്സിലെ രണ്ടാം സെഞ്ചുറിയിലെത്തി. സെഞ്ചുറി തികച്ചയുടൻ രാഹുലിനെ(100)ഷൊയ്ബ് ബഷീര്‍ മടക്കിയതോടെ പിന്നീട് കരുതലോടെ കളിച്ച നിതീഷും ജഡേജയും ചേര്‍ന്നാണ് ഇന്ത്യയെ 300 കടത്തിയത്.
ഇതിനിടെ മൂന്ന് തവണ നിതീഷ് റണ്ണൗട്ടില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ആദ്യ സെഷനില്‍ 103 റണ്‍സെടുത്ത ഇന്ത്യക്ക് രണ്ടാം സെഷനില്‍ 68 റണ്‍സ് മാത്രമെ നേടാനായുള്ളു. ചായക്ക് ശേഷം നിതീഷ്(30) ബെന്‍ സ്റ്റോക്സിന്‍റെ പന്തില്‍ ജാമി സ്മിത്തിന് ക്യാച്ച് നല്‍കി പുറത്തായപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറിനെ കൂട്ടുപിടിച്ച് ജഡേജയെ ഇന്ത്യയെ 350 കടത്തി. ഇന്ത്യ നേരിയ ലീഡെങ്കിലും നേടുമെന്ന് പ്രതീക്ഷിച്ചപ്പോഴാണ് ജഡേജയെ(71) മടക്കി ക്രിസ് വോക്സ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീടെല്ലാം പെട്ടെന്നായിരുന്നു.
നേരത്തെ ലഞ്ചിന് തൊട്ടു മുമ്പുള്ള ഓവറിലായിരുന്നു 74 റണ്‍സെടുത്ത റിഷഭ് പന്ത് റണ്ണൗട്ടായത്. ഷൊയ്ബ് ബഷീറിന്‍റെ പന്തില്‍ അതിവേഗ സിംഗിളിന് ശ്രമിച്ച പന്തിനെ ബെന്‍ സ്റ്റോക്സ് നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു. 112 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും പറത്തിയാണ് റിഷഭ് പന്ത് 74 റണ്‍സെടുത്തത്. നാലാം വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം 198 പന്തില്‍ 141 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് നിര്‍ഭാഗ്യകരമായി പന്ത് പുറത്തായത്. കൈവിരലിലെ പരിക്ക് അലട്ടിയിട്ടും സധൈര്യം ക്രീസില്‍ നിലയുറപ്പിച്ച റിഷഭ് പന്തിന്‍റെ പോരാട്ടവും രാഹുലിന്‍റെ ചെറുത്തുനില്‍പ്പുമാണ് ഇന്ത്യയെ ഇംഗ്ലണ്ട് സ്കോറിനോട് അടുപ്പിച്ചത്.


