Asianet News MalayalamAsianet News Malayalam

സഞ്ജുവിന് അഭിമന്യൂ ഈശ്വരന്റെ മറുപടി! ഇന്ത്യ ഡിക്കെതിരെ ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബി പൊരുതുന്നു

ഇന്ത്യ ബി തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ടു. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 100 എന്ന നിലയിലായിരുന്നു ടീം.

india b vs india d duleep trophy day two report
Author
First Published Sep 20, 2024, 6:56 PM IST | Last Updated Sep 20, 2024, 6:56 PM IST

അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ ശ്രേയസ് അയ്യര്‍ കളിക്കുന്ന ഇന്ത്യ ഡിക്കെതിരെ ഇന്ത്യ ബി പൊരുത്തുന്നു. ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 349നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ബി രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന്റെ (116) സെഞ്ചുറിയാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. വാഷിംഗ്ടണ്‍ സുന്ദര്‍ (39), രാഹുല്‍ ചാഹര്‍ (0) എന്നിവര്‍ ക്രീസിലുണ്ട്. അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തു. ഇപ്പോള്‍ 139 റണ്‍സ് പിറകിലാണ് ഇന്ത്യ ബി. നേരത്തെ, മലയാളി താരം സഞ്ജു സാംസണിന്റെ (101 പന്തില്‍ 106) സെഞ്ചുറി കരുത്തിലാണ് ഇന്ത്യ ഡി 349 റണ്‍സെടുത്തത്.

മറുപടി ബാറ്റിംഗില്‍ ഇന്ത്യ ബി തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ടു. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 100 എന്ന നിലയിലായിരുന്നു ടീം. എന്‍ ജഗദീഷ് (13) തുടക്കത്തില്‍ തന്നെ ആദിത്യ താക്കറെയ്ക്ക് വിക്കറ്റ് നല്‍കി. റിക്കി ഭുയി ക്യാച്ചെടുത്തു. 16 റണ്‍സെടുത്ത സുയഷ് പ്രഭുദേശായി, സൗരഭ് കുമാറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി. യുവതാരം മുഷീര്‍ ഖാന്‍ (5) അര്‍ഷ്ദീപ് സിംഗിന്റെ പന്തിലും പുറത്തായി. റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ സൂര്യകുമാര്‍ യാദവ് (5) നിരാശപ്പെടുത്തി. അര്‍ഷ്ദീപിനായിരുന്നു വിക്കറ്റ്. നിതീഷ് കുമാര്‍ റെഡ്ഡിയെ (0) സഞ്ജുവിന്റെ കൈകളിലെത്തിച്ച അര്‍ഷ്ദീപ് വിക്കറ്റ് നേട്ടം മൂന്നാക്കി ഉയര്‍ത്തി. 

പിന്നീട് അഭിമന്യൂ - സുന്ദര്‍ കൂട്ടുകെട്ട് 105 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അഭിമന്യൂവിനെ പുറത്താക്കാന്‍ താക്കറേയ്ക്കായി. ഒരു സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു അഭിമന്യൂവിന്റെ ഇന്നിംഗ്‌സ്. നേരത്തെ ആദ്യ ദിനം 306-5 എന്ന സ്‌കോറില്‍ ക്രീസ് വിട്ട ഇന്ത്യ ഡിക്ക് രണ്ടാം ദിനം തുടക്കത്തിലെ സഞ്ജുവിനൊപ്പം പൊരുതി നിന്ന സാരാന്‍ശ് ജെയിനിന്റെ(26) വിക്കറ്റ് നഷ്ടമായിരുന്നു. പിന്നാലെ തന്റെ പതിനൊന്നാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി തികച്ച സഞ്ജുവും(106) പുറത്തായതോടെ ഒന്നാം ഇന്നിംഗ്‌സ് 349 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യ ബിക്കായി നവദീപ് സെയ്‌നി അഞ്ച് വിക്കറ്റെടുത്തു.

കോലി പുറത്തായത് വന്‍ അബദ്ധത്തിന് പിന്നാലെ! ഗില്ലും പിന്തുണച്ചില്ല, രോഹിത് ശര്‍മയുടെ മുഖം പറയും ബാക്കി

മറ്റൊരു മത്സരത്തില്‍ ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 297നെതിരെ ഇന്ത്യ സി ഏഴിന് 216 എന്ന നിലയിലാണ്. 82 റണ്‍സെടുത്ത അഭിഷേക് പോറലാണ് ഇന്ത്യ സിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. റുതുരാജ് ഗെയ്കവാദ് (17), സായ് സുദര്‍ശന്‍ (17), രജത് പടിദാര്‍ (0), ഇഷാന്‍ കിഷന്‍ (5), ബാബ ഇന്ദ്രജിത്ത് (34) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. നേരത്തെ, ശാശ്വത് റാവത്തിന്റെ (124) ഇന്നിംഗ്‌സാണ് ഇന്ത്യ എയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. തിലക് വര്‍മ (5), റിയാന്‍ പരാഗ് (2) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

Latest Videos
Follow Us:
Download App:
  • android
  • ios