ഇന്‍ഡോര്‍: ടെസ്റ്റില്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിംഗ്‌സ് ജയം. ക്യാപ്റ്റന്‍ എന്ന നിലയില്‍ കോലിയുടെ 10-ാം ഇന്നിംഗ്‌സ് ജയമെന്ന റെക്കോര്‍ഡ്. ഇന്‍ഡോര്‍ ടെസ്റ്റിലും തകര്‍പ്പന്‍ ജയം നേടിയ കോലിപ്പടയെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടുകയാണ് ക്രിക്കറ്റ് ലോകം. ബാറ്റിംഗിന് പുറമേ അസാധാരണമായ പേസ് ബൗളിംഗ് മികവുകൊണ്ട് കൂടിയാണ് ഈ ജയങ്ങളൊക്കെ എന്നതാണ് ക്രിക്കറ്റ് വിദഗ്ധരുടെയെല്ലാം ത്രില്ല് കൂട്ടുന്നത്. 

ഇന്‍ഡോറില്‍ ഇന്നിംഗ്‌സിനും 130 റണ്‍സിനും വിജയിച്ച ടീം ഇന്ത്യക്ക് അഭിനന്ദനപ്രവാഹമാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനിലേക്ക് വിരാട് കോലി കുതിക്കുകയാണ് എന്നാണ് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണിന്‍റെ പ്രശംസ. ഏറ്റവും കൂടുതല്‍ ടെസ്റ്റ് ഇന്നിംഗ്‌സ് ജയം നേടിയ കോലിയുടെ നേട്ടം മഹത്തരമാണ് എന്നായിരുന്നു മുന്‍ പേസര്‍ ആര്‍ പി സിങിന്‍റെ പ്രശംസ. ഇന്ത്യന്‍ ടീമിന്‍റെ മറ്റൊരു കരുത്തുറ്റ പ്രകടനം എന്നായിരുന്നു റസല്‍ അര്‍നോള്‍ഡിന്‍റെ വാക്കുകള്‍. 

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാ കടുവകള്‍ 150 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ 493/6 എന്ന സ്‌കോറില്‍ ഡിക്ലെയര്‍ ചെയ്തു. ഇരട്ട സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളാണ്(243 റണ്‍സ്) ഇന്ത്യക്ക് കൂറ്റന്‍ ലീഡ് സമ്മാനിച്ചത്. രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ ബംഗ്ലാ ബാറ്റ്സ്‌മാന്‍മാര്‍ 213 റണ്‍സില്‍ പുറത്തായി. മുഹമ്മദ് ഷമി നാലും ആര്‍ അശ്വിന്‍ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് നേടി.