നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റെടുത്ത അശ്വിനും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും ചേര്‍ന്നാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.

ഇന്‍ഡോര്‍: ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതിയ ബംഗ്ലാദേശിനെ മുഹമ്മദ് ഷമിയുടെ നേതൃത്വത്തില്‍ ഇന്ത്യ എറിഞ്ഞിട്ടപ്പോള്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. 343 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 213 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്നിംഗ്സിനും 130 റണ്‍സിനും ഇന്‍ഡോറില്‍ ജയിച്ചു കയറി. സ്കോര്‍ ബംഗ്ലാദേശ് 150, 213, ഇന്ത്യ 493/6. പരമ്പരയിലെ രണ്ടാം ടെസ്റ്റ് 22ന് കൊല്‍ക്കത്തയില്‍ തുടങ്ങും.

നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റെടുത്ത അശ്വിനും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും ചേര്‍ന്നാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്. തലേന്നത്തെ സ്കോറില്‍ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ 343 റണ്‍സ് ലീഡുമായി ബംഗ്ലാദേശിനെ വീണ്ടും ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. ഓപ്പണര്‍ ഇമ്രുള്‍ കെയ്സിനെ(6) ബൗള്‍ഡാക്കി ഉമേഷ് യാദവാണ് രണ്ടാം ഇന്നിംഗ്സിലെ ബംഗ്ലാദേശിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

ഷദ്മാന്‍ ഇസ്ലാമിനെ(6) ബൗള്‍ഡാക്കി ഇഷാന്ത് ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ ഷമി ക്യാപ്റ്റന്‍ മോനിമുള്‍ ഹഖിനെ(7) വിക്കറ്റിന് മുന്നില്‍ കുടുക്കിയതിന് പിന്നാലെ മൊഹമ്മദ് മിഥുനെ(18) മായങ്ക് അഗര്‍വാളിന്റെ കൈയകളിലെത്തിച്ചതോടെ ബംഗ്ലാദേശ് 44/4 ലേക്ക് വീണു. മുഷ്ഫീഖുര്‍ റഹീം നല്‍കിയ ക്യാച്ച് രോഹിത് നിലത്തിട്ടില്ലായിരുന്നെങ്കില്‍ ബംഗ്ലാദേശിന്റെ സ്ഥിതി കൂടുതല്‍ പരിതാപകരമായേനെ.

മുഷ്ഫീഖുറും(64), ലിറ്റണ്‍ ദാസും(35), മെഹ്ദി ഹസനും(38) ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പിന് ഇന്ത്യന്‍ വിജയം വൈകിപ്പിക്കാന്‍ മാത്രമെ കഴിഞ്ഞുള്ളു. വിജയത്തോടെ 60 പോയന്റ് സ്വന്തമാക്കിയ ഇന്ത്യ ലോക ടെസ്റ്റ് ചാപ്യന്‍ഷിപ്പില്‍ 300 പോയന്റ് സ്വന്തമാക്കുന്ന ആദ്യ ടീുമമായി.