ബ്ലോംഫോന്റൈന്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലും ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ജയം. സീനിയര്‍ ടീം ടി20 പരമ്പരയില്‍ വിജയിച്ചതിന് പിന്നാലെയാണ് കുട്ടിത്താരങ്ങളുടെ വിജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 44 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. മഴ തടസപ്പെടുത്തിയ മത്സരത്തിന്റെ ഓവറുകള്‍ വെട്ടിച്ചുരിക്കിയിരുന്നു. വീണ്ടും മഴയെത്തിയതോടെ മത്സരം 23 ഓവറാക്കി ചുരുക്കി. വിക്കറ്റ് നഷ്ടമില്ലാതെ 115 റണ്‍സാണ് ഇന്ത്യ നിശ്ചിത ഓവറില്‍ നേടിയിരുന്നത്. എന്നാല്‍ സ്‌കോര്‍ പുതുക്കി നിശ്ചയിപ്പോള്‍ ന്യൂസിലന്‍ഡിന്റെ വിജയലക്ഷ്യം 192 റണ്‍സായി. എന്നാല്‍ ന്യൂസിലന്‍ഡ് 21 ഓവറില്‍ 147ന് എല്ലാവരും പുറത്തായി.

രവി ബിഷ്‌ണോയിയും നാല് വിക്കറ്റും അഥര്‍വ അങ്കോള്‍ക്കറുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ന്യൂസിലന്‍ഡിനെ നിയന്ത്രിച്ച് നിര്‍ത്തിയത്. 42 റണ്‍സ് നേടിയ റൈസ് മരിയൂവാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ഫെര്‍ഗസ് ലെല്‍മാന്‍ 31 റണ്‍സെടുത്തു. നേരത്തെ യഷസ്വി ജയ്‌സ്വാള്‍ (57), ദിവ്യാന്‍ഷ് സക്‌സേന (52) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നാല് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. സക്‌സേന നാല് ഫോറ് നേടി.