പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: രാജ്യത്തിന് ടീം ഇന്ത്യയുടെ സ്വാതന്ത്ര്യദിന സമ്മാനം. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനവും പരമ്പരയും ഇന്ത്യ സ്വന്തമാക്കി. നായകന്‍ വിരാട് കോലിയുടെ സെഞ്ചുറിയുടെ ശ്രേയസ് അയ്യരുടെ ഇന്നിങ്‌സുമാണ് ഇത്തവണയും ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ വിജയം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു മത്സരം മഴയെടുത്തപ്പോള്‍ അവസാന രണ്ട് ഏകദിനം ഇന്ത്യ ജയിക്കുകയായിരുന്നു. പരമ്പരയില്‍ രണ്ട് സെഞ്ചുറി നേടിയ കോലിയാണ് മാ്ന്‍ ഓഫ് ദ സീരിസ്. 

ടോസ് നേടി ബാറ്റിങ്ങിന്് ഇറങ്ങിയ വിന്‍ഡീസിന് അവസാന മത്സരം കളിച്ച ക്രിസ് ഗെയ്‌ലും (41 പന്തില്‍ 72), എവിന്‍ ലൂയിസും (29 പന്തില്‍ 43) ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. എന്നാല്‍ വിന്‍ഡീസ് 158 നില്‍ക്കെ മഴ കളി തടസപ്പെടുത്തി. തുടര്‍ന്ന് 35 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആതിഥേയര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി. 

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 32.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 99 പന്തില്‍ 114 റണ്‍സ് നേടി പുറത്താവാതെ നിന്ന കോലിയും അയ്യരു (41 പന്തില്‍ 65)മാണ് വിജയം എളുപ്പമാക്കിയത്. കോലിയുടെ 43ാം ഏകദിന സെഞ്ചുറിയാണിത്. 14 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. അയ്യര്‍ അഞ്ച്് സിക്‌സും മൂന്ന് ഫോറും കണ്ടെത്തി. 

രോഹിത് ശര്‍മ (10), ശിഖര്‍ ധവാന്‍ (36), ഋഷഭ് പന്ത് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കേദാര്‍ ജാദവ് (12 പന്തില്‍ 19) പുറത്താവാതെ നിന്നു. ഫാബിയന്‍ അലന്‍ വിന്‍ഡീസിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. കോലിയാണ് മാന്‍ ഓഫ് ദ മാച്ച്. 

നേരത്തെ, ഗെയ്‌ലിനും ലൂയിസിനും പുറമെ ഷായ് ഹോപ് (24), ഷിംറോണ്‍ ഹെറ്റ്മയേര്‍ (25), നിക്കോളാസ് പൂരന്‍ (30), ജേസണ്‍ ഹോള്‍ഡര്‍ (14), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (16) എന്നിവരാണ് പുറത്തായ മറ്റു വിന്‍ഡീസ് താരങ്ങള്‍. ഫാബിയന്‍ അലന്‍ (6), കീമോ പോള്‍ (0) പുറത്താവാതെ നിന്നു. ഖലീല്‍ അഹമ്മദ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി.