കഴിഞ്ഞ ലോകകപ്പിൽ ഷഹീൻ അഫ്രീദിയുടെ നേതൃത്വത്തിലുള്ള പാക് പേസ് പട അക്ഷരാർഥത്തിൽ ഇന്ത്യയെ ചുരുട്ടിക്കെട്ടിയപ്പോൾ പേരുകേട്ട ബാറ്റിങ് നിര 151 റൺസ് മാത്രമാണ് നേടിയത്.
കൃത്യം 364 ദിവസം മുമ്പ്, 2021 ഒക്ടോബർ 21, ദുബൈയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പാക്കിസ്ഥാൻ ഇന്ത്യയുടെ ചങ്കിൽ കനൽ കോരിയിടുകയായിരുന്നു. ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് കഴിഞ്ഞ വര്‍ഷം ദുബൈയിലാണ് അവസാനമായത്. ഷഹീൻ അഫ്രീദിയുടെ നേതൃത്വത്തിലുള്ള പാക് പേസ് പട അക്ഷരാർഥത്തിൽ ഇന്ത്യയെ ചുരുട്ടിക്കെട്ടിയപ്പോൾ പേരുകേട്ട ബാറ്റിങ് നിര 151 റൺസ് മാത്രമാണ് നേടിയത്. അന്നും കോലിയുടെ ഇന്നിങ്സാണ് ഇന്ത്യക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ പാക് ഓപ്പണർമാർ ഇന്ത്യയെ നിഷ്പ്രഭരാക്കി.
79 റൺസുമായി റിസ്‌വാനും 68 റൺസുമായി ബാബർ അസമും പുറത്താകാതെ നിന്നു. 10 വിക്കറ്റിനായിരുന്നു പാക് വിജയം. പിന്നാലെ ഏഷ്യാ കപ്പിലും പാക്കിസ്ഥാൻ ഇന്ത്യയെ തകർത്തു. രണ്ട് പ്രധാന ടൂർണമെന്റുകളിലും ഇന്ത്യക്ക് പുറത്തേക്കുള്ള വഴി തുറന്നത് പാക്കിസ്ഥാനെതിരെയുള്ള തോൽവികളായിരുന്നു. രോഹിത്, രാഹുൽ, കോലി എന്നീ മുൻനിരക്കാരുടെ വിക്കറ്റുകൾ വീഴ്ത്തിയ ഷഹീൻ അഫ്രീദിയാണ് ഇന്ത്യയെ തോൽപ്പിക്കാൻ മുന്നിൽ നിന്നത്.
മുൻ തോൽവികളുടെ മുറിവുണക്കാൻ ഈ ലോകപ്പിൽ ഇന്ത്യക്ക് വിജയം അനിവാര്യമായിരുന്നു. എന്നാൽ, പാക് ബൗളർമാരുടെ മൂർച്ചയേറിയ ഇൻ സ്വിങ്ങറുകൾക്കും യോർക്കറുകൾക്കും ബൗൺസറുകൾക്കും മുന്നിൽ ഇന്ത്യ പതറിയപ്പോൾ, കോലി ഒറ്റക്ക് ഇന്ത്യയെ തോളിലേറ്റുകയായിരുന്നു. അവസാന ഓവറുകളിലെ സിക്സർ പൂരമടക്കം 53 പന്തുകളിൽ നിന്ന് 82 റൺസുമായി കോലി കളം നിറഞ്ഞപ്പോൾ ലോകകപ്പിലെ കേമന്മാരെന്ന ഖ്യാതി ഇന്ത്യ തിരിച്ചുപിടിച്ചു. അന്ന് ഇന്ത്യയെ പ്രതിസന്ധിയിലാക്കിയ ഷഹീൻ അഫ്രീദിയെയും ഇത്തവണ ഇന്ത്യ പറപ്പിച്ചു. നാലോവറിൽ 34 റൺസ് വഴങ്ങിയ അഫ്രീദിക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല.
