Asianet News MalayalamAsianet News Malayalam

ഇന്ത്യയെ ഒറ്റക്ക് ചുമലിലേറ്റിയ കോലിയെ എടുത്തുയര്‍ത്തി രോഹിത്; ഇതിലും വലിയ സന്തോഷമില്ലെന്ന് ആരാധകര്‍-വീഡിയോ

എന്നാല്‍ വിരാട് കോലി താന്‍ എന്തുകൊണ്ടാണ് ആരാധകര്‍ക്ക് കിംഗ് കോലിയാകുന്നതെന്ന് കാണിച്ചുകൊടുക്കുന്ന ഷോട്ടുകളായിരുന്നു അടുത്ത രണ്ട് പന്തിലും പുറത്തെടുത്തത്. ഹാരിസ് റൗഫിന്‍റെ അഞ്ചാം പന്ത് സ്ട്രൈറ്റ് ബൗണ്ടറിക്ക് മുകളിലൂടെ സിക്സ്. അവസാന പന്ത് ഫൈന്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ സിക്സ്. ഇതോടെ ഇന്ത്യന്‍ ലക്ഷ്യം അവസാന ഓവറില്‍ എത്തിപ്പിടിക്കാവുന്നതായി.

T20 World Cup 2022: Rohit Sharma lifts Virat Kolhi after thrilling win
Author
First Published Oct 23, 2022, 6:26 PM IST

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ അവിശ്വസനീ ജയവുമായി ഇന്ത്യ ക്രീസ് വിടുമ്പോള്‍ മെല്‍ബണിലെ ഒരു ലക്ഷത്തോളം വരുന്ന ആരാധകര്‍ക്ക് ഒറ്റപ്പേരെ ഉച്ചത്തില്‍ ഉച്ഛരിക്കാനുണ്ടായിരുന്നുള്ളു. കോലി...കോലി...പാക്കിസ്ഥാന്‍ ഉറപ്പിച്ച വിജയം ഒറ്റക്ക് കോലി തട്ടിയെടുക്കുകയായിരുന്നു. അവസാന മൂന്നോവറില്‍ 48ഉം രണ്ടോവറില്‍ 31 ഉം റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യ താളം കണ്ടെത്താന്‍ പാടുപെട്ടതോടെ റണ്‍സടിക്കേണ്ട ചുമതല മുഴുവന്‍ കോലിയുടെ ചുമലിലായി.

ഷഹീന്‍ അഫ്രീദി എറിഞ്ഞ പതിനെട്ടാം ഓവറില്‍ മൂന്ന് ബൗണ്ടറി അടക്കം 17 റണ്‍സടിച്ച കോലി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. അപ്പോഴും ജയിക്കാന്‍ ഇന്ത്യക്ക് വേണ്ടത് രണ്ടോവറില്‍ 31 റണ്‍സ്. പത്തൊമ്പതാം ഓവര്‍ എറിയാനെത്തുന്നത് മത്സരത്തില്‍ പാക്കിസ്ഥാന്‍റെ ഏറ്റവും മികച്ച ബൗളറായ ഹാരിസ് റൗഫ്. അതിവേഗ പന്തുകളിലൂടെ ഹാര്‍ദ്ദിക്കിനെയും കോലിയെയും ശ്വാസം മുട്ടിച്ച റൗഫ് ആദ്യ നാലു പന്തില്‍ വിട്ടുകൊടുത്തത് വെറും മൂന്ന് റണ്‍സ്. ഇന്ത്യല്‍ ലക്ഷ്യം 8 പന്തില്‍ 28 റണ്‍സ്. കടുത്ത ഇന്ത്യന്‍ ആരാധകര്‍ പോലും ഈ ഘട്ടത്തില്‍ വിജയം സ്വപ്നം കണ്ടിരുന്നില്ല.

അശ്വിൻ വിജയറൺ കുറിച്ചപ്പോൾ ആനന്ദക്കണ്ണീർ പൊഴിച്ച് കോലി; ഇന്ത്യ കാത്തിരുന്ന നിമിഷം-വീഡിയോ

എന്നാല്‍ വിരാട് കോലി താന്‍ എന്തുകൊണ്ടാണ് ആരാധകര്‍ക്ക് കിംഗ് കോലിയാകുന്നതെന്ന് കാണിച്ചുകൊടുക്കുന്ന ഷോട്ടുകളായിരുന്നു അടുത്ത രണ്ട് പന്തിലും പുറത്തെടുത്തത്. ഹാരിസ് റൗഫിന്‍റെ അഞ്ചാം പന്ത് സ്ട്രൈറ്റ് ബൗണ്ടറിക്ക് മുകളിലൂടെ സിക്സ്. അവസാന പന്ത് ഫൈന്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ സിക്സ്. ഇതോടെ ഇന്ത്യന്‍ ലക്ഷ്യം അവസാന ഓവറില്‍ എത്തിപ്പിടിക്കാവുന്നതായി. ആറ് പന്തില്‍ 16 റണ്‍സ്. റൗഫിനെതിരെ കോലി നേടിയ ഈ രണ്ട് സിക്സുകളാണ് മത്സരത്തില്‍ നിര്‍ണായകമായത്.

അവസാന ഓവറില്‍ മുഹമ്മദ് നവാസിനെതിരെ കൂടി ഒരു സിക്സ് നേടി കോലി ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചു. ഒടുവില്‍ അവസാന പന്തില്‍ അശ്വിന്‍ വിജയ റണ്‍ പൂര്‍ത്തിയാക്കിയശേഷം ബാറ്റുയര്‍ത്തി കോലിയെ അഭിനന്ദിക്കാനായി ഓടിയെത്തുമ്പോള്‍ ആവേശത്തള്ളിച്ചയില്‍ കോലി കണ്ണീരണിഞ്ഞിരുന്നു. മുഷ്ടി ചുരുട്ടി ഗ്രൗണ്ടില്‍ ഇടിച്ച് ആവേശം പ്രകടിപ്പിച്ച ശേഷമായിരുന്നു കോലിയുടെ കണ്ണീര്‍.

സസ്പെന്‍സ് ത്രില്ലറിനൊടുവില്‍ ആന്‍റി ക്ലൈമാക്സ്,ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന്‍റെ അവസാന ഓവറില്‍ സംഭവിച്ചത്

വിജയത്തിന് പിന്നാലെ ഡഗ് ഔട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കും അക്സര്‍ പട്ടേലും അടക്കമുള്ള സഹതാരങ്ങളെല്ലാം കോലിയെ അഭിന്ദനങ്ങള്‍ കൊണ്ട് മൂടുമ്പോഴും എവിടെ രോഹിത് എന്നായിരുന്നു ആരാധകര്‍ അന്വേഷിച്ചത്. അധികം വൈകിയില്ല, ഗ്രൗണ്ടിലെത്തിയ രോഹിത് കോലിയെ ഒറ്റക്ക് എടുത്തുയര്‍ത്തി വട്ടം ചുറ്റി. മത്സരത്തില്‍ ഇന്ത്യയെ ഒറ്റക്ക് ചുമലിലേറ്റിയ കിംഗ് കോലിക്ക് ഹിറ്റ്മാന്‍റെ ആദരം. ആരാധകര്‍ എത്രയോ നാളായി കാണാന്‍ കൊതിച്ച നിമിഷം. 2019ലെ ലോകകപ്പിനുശേഷം ടീമിനകത്ത് കോലിയും രോഹിത്തും തമ്മില്‍ ശീതസമരുണ്ടെന്ന വാര്‍ത്തകളെയെല്ലാം ബൗണ്ടറി കടത്തിയ ആവേശപ്രകടനം. ആരാധകര്‍ക്ക് ആനന്ദിക്കാന്‍ ഇതില്‍പ്പരം എന്തുവേണം.

Latest Videos
Follow Us:
Download App:
  • android
  • ios