പോര്‍ട്ട ഓഫ് സ്‌പെയ്ന്‍: മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ഒരു ദശാബ്ദത്തില്‍ ക്രിക്കറ്റില്‍ 20000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമായിരിക്കുകയാണ് കോലി. 2010 മുതല്‍ ഇതുവരെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലുമായി 20018 റണ്‍സാണ് കോലി നേടിയത്. 

കരിയറില്‍ ഒന്നാകെ 20502 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. ഇതില്‍ 20018 റണ്‍സും 2010ന് ശേഷം നേടിയതാണ്. 2008ലായിരുന്നു ഏകദിനത്തില്‍ കോലിയുടെ അരങ്ങേറ്റം. ഏകദിനത്തില്‍ നിന്ന് മാത്രം 484 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ടി20, ടെസ്റ്റ് അരങ്ങേറം 2010ന് ശേഷമായിരുന്നു. 

ഒരു ദശാബ്ദത്തില്‍ 18962 റണ്‍സ് നേടിയ റിക്കി പോണ്ടിംഗിന്റെ റെക്കോഡാണ് കോലി തകര്‍ത്തത്. 2000-10 കാലയളവിലാണ് പോണ്ടിംഗ് ഇത്രയും റണ്‍സ് നേടിയത്. ഇക്കാലയളവില്‍ 16777 റണ്‍സ് നേടിയ ജാക്വസ് കാലിസ് മൂന്നാമതുണ്ട്. ശ്രീലങ്കന്‍ താരങ്ങളായ മഹേല ജയവര്‍ധനെ (16304), കുമാര്‍ സംഗക്കാര (15999) എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. 

ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (15962), രാഹുല്‍ ദ്രാവിഡ് (15853) എന്നിവര്‍ യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലുണ്ട്. ഇതുവരെ 68 സെഞ്ചുറികല്‍ കോലിയുടെ അക്കൗണ്ടിലുണ്ട്. 100 സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് ഇനി കോലിയുടെ മുന്നിലുള്ളത്.

60.31 ശരാശരിയിലാണ് കോലി റണ്‍ നേടികൊണ്ടിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മാത്രം ഏകദിനത്തില്‍ 2000 റണ്‍ പൂര്‍ത്തിയാക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. ഒമ്പത് സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.