ഐസിസി വാർഷിക ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നുവെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ മങ്ങി. ഫൈനലിൽ പ്രവേശിക്കാൻ, ശ്രീലങ്ക, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നിവർക്കെതിരായ വരാനിരിക്കുന്ന കഠിനമായ മത്സരങ്ങളിൽ ഇന്ത്യക്ക് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്.
ദുബായ്: ഈ വര്‍ഷം ആദ്യം നടന്ന ടി20 ലോകകപ്പില്‍ കിരീടം ചൂടിയെങ്കിലും, ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനം ഗൗതം ഗംഭീറിനും അജിത് അഗാര്‍ക്കറിനും ആശങ്കയുണ്ടാക്കുന്നു. വെള്ളിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ ഐസിസി വാര്‍ഷിക ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നുവെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ തുലാസിലാണ്. വാര്‍ഷിക റാങ്കിംഗില്‍ ഇംഗ്ലണ്ടിനെ പിന്നിലാക്കിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. 104 പോയിന്റാണ് ഇന്ത്യക്കുള്ളത്. 102 പോയിന്റുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പട്ടികയില്‍ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും തുടരുന്നു. ന്യൂസിലാന്‍ഡ് (5), പാകിസ്ഥാന്‍ (6) എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. ശ്രീലങ്ക ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ അയര്‍ലന്‍ഡ് പട്ടികയില്‍ നിന്ന് പുറത്തായി. ഇന്ത്യയുടെ മികച്ച പ്രകടനം കൊണ്ടല്ല, മറിച്ച് 2023 ഏപ്രില്‍ 30ന് മുമ്പുള്ള മികച്ച വിജയങ്ങളുടെ വെയ്‌റ്റേജ് ഇംഗ്ലണ്ടിന് നഷ്ടമായതാണ് റാങ്കിംഗില്‍ ഇന്ത്യക്ക് നേട്ടമായത്. റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയെങ്കിലും 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കളിക്കുമോ എന്നത് സംശയത്തിലാണ്.
നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ഫൈനല്‍ നടക്കാന്‍ പോകുന്ന ലണ്ടനിലെ ലോര്‍ഡ്സിലേക്ക് യോഗ്യത നേടണമെങ്കില്‍ ഇനി അവശേഷിക്കുന്ന ഒമ്പത് മത്സരങ്ങളില്‍ ഏഴെണ്ണമെങ്കിലും ഇന്ത്യക്ക് ജയിക്കേണ്ടതുണ്ട്. വരാനിരിക്കുന്ന മത്സരങ്ങള്‍ ഇങ്ങനെ..
ശ്രീലങ്കയ്‌ക്കെതിരെ: എവേ പരമ്പര
ന്യൂസിലാന്‍ഡിനെതിരെ: എവേ പരമ്പര
ഓസ്ട്രേലിയയ്ക്കെതിരെ: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി (സ്വന്തം നാട്ടില്‍ - 5 മത്സരങ്ങള്‍)
ശ്രീലങ്കയിലും ന്യൂസിലാന്‍ഡിലും പോയി പരമ്പരകള്‍ ജയിക്കുക എന്നതും ഓസ്ട്രേലിയയെ നാട്ടില്‍ 5-0 ന് തോല്‍പ്പിക്കുക എന്നതും നിലവിലെ സാഹചര്യത്തില്‍ കഠിനമായ ദൗത്യമാണ്. ഗൗതം ഗംഭീര്‍ പരിശീലകനായെത്തിയ ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടില്‍ ഏറ്റ തിരിച്ചടിയും കഴിഞ്ഞ തവണ ന്യൂസിലാന്‍ഡിനോടും ഓസ്ട്രേലിയയോടും തോറ്റ് ഫൈനല്‍ കാണാതെ പുറത്തായതും ടീമിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഒരു അത്ഭുതം സംഭവിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഇനി ഫൈനല്‍ പ്രതീക്ഷയുള്ളൂ.

