അന്താരാഷ്ട്ര ക്രിക്കറ്റിന്റെ നിലവാരത്തില്‍ നിന്ന് ഒരുപാട് അകലെയുള്ളൊരു മത്സരത്തിലെ ഈ ഇന്നിങ്സിന് അത്രത്തോളം പ്രാധാന്യമുണ്ടോയെന്ന് ചോദിച്ചാല്‍, അഭിഷേകിന് ഉണ്ട് എന്നതാണ് ഉത്തരം

അമൃത്‌സറിലെ ഗാന്ധി ഗ്രൗൻഡ്‌സിന്റെ പുറത്തേക്കൊരു പന്ത് കഴിഞ്ഞ പകലില്‍ നിക്ഷേപിക്കപ്പെട്ടു, മാസീവ് വണ്‍. ഒരു പ്രാദേശിക മത്സരത്തിലെ ആ നിമിഷം ക്രിക്കറ്റ് സര്‍ക്കിളുകളിലേക്ക് അതിവേഗം എത്തി. 91 പന്തുകളാണ് അയാള്‍ ആകെ നേരിട്ടത്. 25-ാം ഓവറില്‍ മൈതാനം വിടുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ തെളിഞ്ഞത് 233 റണ്‍സും. താളം വീണ്ടെടുക്കാനുള്ള ഒരു അന്താരാഷ്ട്ര താരത്തിന്റെ യജ്ഞമായിരുന്നു പിന്നിട്ടത്, അഭിഷേക് ശര്‍മ. 15 ഫോറും 25 സിക്സും ഉള്‍പ്പെടെ 256 സ്ട്രൈക്ക് റേറ്റിലായിരുന്നു അഭിഷേകിന്റെ ഇരട്ട സെഞ്ചുറി ഇന്നിങ്സ്.

പഞ്ചാബ് സ്റ്റേറ്റ് ഇന്റര്‍ ഡിസ്ട്രിക്റ്റ് സീനിയര്‍ വണ്‍ ഡെ ലിമിറ്റഡ് ഓവര്‍ ടൂര്‍ണമെന്റിലായിരുന്നു അഭിഷേകിന്റെ പ്രകടനം. റ്റാൻ റ്റരനെതിരെ അമൃത്‌സറിനുവേണ്ടിയായിരുന്നു ഇടം കയ്യൻ ബാറ്റര്‍ കളത്തിലെത്തിയത്. സിക്സുകളില്‍ നിന്ന് മാത്രം 150 റണ്‍സ്. അടിച്ചുകൂട്ടിയ 233 റണ്‍സില്‍ 210ഉം ബൗണ്ടറിയില്‍ നിന്നായിരുന്നു. ഓപ്പണിങ് പങ്കാളിയായ അഭയ് ചൗദരിക്കൊപ്പം 305 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു അഭിഷേക് സൃഷ്ടിച്ചത്. അമൃത്‌സറിന്റെ ടോട്ടല്‍ എത്തിനിന്നതാകട്ടെ 533ലും.

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ നിലവാരത്തില്‍ നിന്ന് ഒരുപാട് അകലെയുള്ളൊരു മത്സരത്തിലെ ഈ ഇന്നിങ്സിന് അത്രത്തോളം പ്രാധാന്യമുണ്ടോയെന്ന് ചോദിച്ചാല്‍, അഭിഷേകിന് ഉണ്ട് എന്നതാണ് ഉത്തരം. 2026 ടി20 ലോകകപ്പ് നേടിത്തന്ന സഞ്ജു സാംസണിന് ശേഷം ഇന്ത്യൻ ജഴ്‌സയില്‍ ലഭിച്ചത് നാല് മത്സരങ്ങള്‍ മാത്രമായിരുന്നു. മറുവശത്ത് ലോകകപ്പ് മുതല്‍ ഇതുവരെ തന്റെ പീക്ക് ഫോമിന്റെ നിഴല്‍ പോലും ആകാൻ കഴിയാതെ തുടരുന്ന താരമാണ് അഭിഷേക്.

കഴിഞ്ഞ പത്ത് ഇന്നിങ്സുകളില്‍ ആകെയുള്ളത് ഒരു അര്‍ദ്ധ സെഞ്ചുറി മാത്രമാണ്, എന്നിട്ടും സഞ്ജുവിനെ ലഭിക്കാത്ത പ്രവിലേജ് എന്തുകൊണ്ട് അഭിഷേകിന് ലഭിക്കുന്നുവെന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. അത് കേവലം സോഷ്യല്‍ മീഡിയ ക്രിട്ടിസിസം അല്ല, മറിച്ച് മുൻ ഇന്ത്യൻ താരങ്ങള്‍ വരെ സെലക്ടര്‍മാര്‍ അഭിഷേകിന് നല്‍കുന്ന പരിഗണനയെ ചോദ്യം ചെയ്യുന്നുണ്ട്. സിംബാബ്‌വെ പര്യടനത്തിലെ അഭിഷേകിന്റെ സ്കോര്‍ ഒന്ന്, എട്ട്, രണ്ട് എന്നിങ്ങനെയാണ്. ഇംഗ്ലണ്ടിനെതിരെ 59, 43, 10, 16, മൂന്ന്. അയര്‍ലൻഡിനെതിരെ രണ്ട് ഇന്നിങ്സില്‍ നിന്ന് 49 റണ്‍സ്, ഒന്ന് ഗോള്‍ഡൻ ഡക്കുമായിരുന്നു.

സിംബാബ്‌വെ പര്യടനത്തിന് ശേഷം പ്രകടനത്തിലെ നിരാശ മറച്ചുവെക്കാൻ അഭിഷേക് തയാറായിരുന്നില്ല. എല്ലാവരും തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാൻ സാധിക്കാതെ പോകുന്നത് നിരാശ നല്‍കുന്ന ഒന്നാണെന്നായിരുന്നു അഭിഷേക് കുറിച്ചത്. സിംബാബ്‌വെക്കെതിരായ മൂന്ന് ടി20യിലും പത്ത് പന്തുകള്‍ പോലും അതിജീവിക്കാൻ ഇടം കയ്യൻ ഓപ്പണര്‍ക്ക് കഴിഞ്ഞിരുന്നില്ല. താരത്തിന്റെ ഷോട്ട് സെലക്ഷനില്‍ പോലും ആത്മവിശ്വാസമില്ലായ്മ പ്രകടമായിരുന്നു. വൈഭവ് സൂര്യവംശി ഓപ്പണിങ് സ്ഥാനം ഏറെക്കുറെ ഉറപ്പിക്കാൻ ഒരുങ്ങുമ്പോള്‍ കൂടിയാണ് അഭിഷേകിന്റെ ഫോമിലെ ഇടിവ് സംഭവിക്കുന്നതും.

എക്‌സ്ട്രാ പേസും അല്‍പ്പമധികം മൂവ്മെന്റും ലഭിക്കുന്ന വിക്കറ്റുകള്‍ അഭിഷേകിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് തെളിയിക്കാൻ പിന്നിട്ട മൂന്ന് പര്യടനങ്ങള്‍ക്കുമായി. ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യമില്ലെങ്കില്‍ അഭിഷേക് അത്രയധികം വെല്ലുവിളി ഉയര്‍ത്തില്ല എന്ന സന്ദേശമായിരുന്നു പ്രകടനങ്ങള്‍ നല്‍കിയതും. പക്ഷേ, ഇന്ത്യ ആതിഥേയത്വം വഹിച്ച ടി20 ലോകകപ്പിലും സമാനമായിരുന്നു അഭിഷേകിന്റെ ബാറ്റിങ്. സ്ഥിരതയില്ലായ്മയും വൈല്‍ഡ് സ്ലോഗുകള്‍ക്ക് ശ്രമിച്ച് പുറത്താകുകയും ചെയ്യുന്ന അഭിഷേക് ലോകകപ്പിലെ സ്ഥിരം കാഴ്ചയായിരുന്നു.

ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും സ്ഥിരതയുടെ അഭാവം അവിടെ നിഴലിച്ചു. പ്രത്യേകിച്ചും ഐപിഎല്ലിന്റെ രണ്ടാം പകുതിയില്‍. അന്താരാഷ്ട്ര തലത്തില്‍ കഴിഞ്ഞ 18 ഇന്നിങ്സുകളില്‍ ഏഴ് തവണയാണ് താരം അഞ്ച് റണ്‍സില്‍ താഴെ പുറത്തായത്. മൂന്ന് അര്‍ദ്ധ സെഞ്ചുറികളാണ് ആകെ നേട്ടവും, സ്ട്രൈക്ക് റേറ്റിലും ശരാശരിയും സംഭവിച്ചത് കരിയറിലെ ഏറ്റവും വലിയ ഇടിവും. ഇത്തരത്തില്‍ അതീവ സമ്മ‍ര്‍ദത്തിലൂടെ കരിയര്‍ മുന്നോട്ട് പോകുമ്പോഴാണ് അഭിഷേകിന് തന്റെ ഫോം വീണ്ടെടുക്കാൻ ഒരു അവസരം പ്രാദേശിക ടൂര്‍ണമെന്റിലൂടെ ലഭിച്ചത്.

ലിസ്റ്റ് എ വിഭാഗത്തില്‍ ടൂര്‍ണമെന്റ് ഉള്‍പ്പെടില്ലെങ്കിലും അഭിഷേകിന്റേത് ഒരു സ്റ്റേറ്റ്മെന്റ് ഇന്നിങ്സ് ആയിരുന്നു. ടീം ടോട്ടലിന്റെ 44 ശതമാനവും സ്കോര്‍ ചെയ്ത് തന്റെ അഗ്രസീവ് സമീപനവും നിറം മങ്ങിയിട്ടില്ലെന്ന് അഭിഷേകിന് തെളിയിക്കാനായി. താളവും ആത്മവിശ്വാസവുമെല്ലാം വീണ്ടെടുക്കുന്നതിനും ഇന്നിങ്സ് സഹായിച്ചിട്ടുണ്ടാകണം. 2026 ഏഷ്യൻ ഗെയിംസാണ് ഇനി അഭിഷേകിന് മുന്നിലുള്ള ടൂര്‍ണമെന്റ്. ഒരു അവസരം കൂടി നേടിയെടുക്കാൻ ഈ ഇന്നിങ്സ് അഭിഷേകിനെ ഒരുപക്ഷേ സഹായിച്ചേക്കും.