അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്സില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മികച്ച തുടക്കത്തിന് ശേഷം നാല് പന്തുകള്‍ക്കിടെ വൈഭവ് സൂര്യവന്‍ഷി, ക്യാപ്റ്റന്‍ ആയുഷ് മാത്രെ എന്നിവരുടേതടക്കം മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. 

ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ബുലവായോ, ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 13 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 68 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് നേടിയ മുഹമ്മദ് സയ്യാമാണ് ഇന്ത്യയെ തകര്‍ത്തത്. അബ്ദുള്‍ സുബ്ഹാന് ഒരു വിക്കറ്റുണ്ട്. വേദാന്ത് ത്രിവേദി (10), വിഹാല്‍ മല്‍ഹോത്ര (6) എന്നിവരാണ് ക്രീസില്‍. 30 റണ്‍സ് നേടിയ വൈഭവ് സൂര്യവന്‍ഷിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

വൈഭവ് - ആരോണ്‍ ജോര്‍ജ് (16) സഖ്യം ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ നാല് പന്തുകള്‍ക്കിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. സയ്യാം എറിഞ്ഞ എട്ടാം ഓവറിന്റെ നാലാം പന്തില്‍ വൈഭവ് വിക്കറ്റ് കീപ്പര്‍ ഹംസ സഹൂറിന് ക്യാച്ച് നല്‍കി. പിന്നാലെ ക്രീസിലെത്തിയത് ക്യാപ്റ്റന്‍ ആയുഷ് മാത്രെ. നേരിട്ട രണ്ടാം പന്തില്‍ തന്നെ മാത്രെ (0) മടങ്ങി. ഇത്തവണയും വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ മലയാളി താരം ആരോണ്‍ കൂടി മടങ്ങിയതോടെ മൂന്നിന് 47 എന്ന നിലയിലായി ഇന്ത്യ. സുബ്ഹാന്റെ പന്തില്‍ ബൗള്‍ഡായിട്ടാണ് ആരോണ്‍ മടങ്ങുന്നത്.

നേരത്തെ, ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഉദ്ധവ് മോഹന് പകരം ദീപേക് ദേവേന്ദ്രന്‍ ടീമില്‍ തിരിച്ചെത്തി. മലയാളി സ്പിന്നര്‍ മുഹമ്മദ് ഇനാന് ഇന്നും ടീമിലിടം നേടാന്‍ സാധിച്ചില്ല. ടോസ് നേടിയാല്‍ ബാറ്റിംഗ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ വ്യക്തമാക്കി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

പാകിസ്ഥാന്‍: ഹംസ സഹൂര്‍ (വിക്കറ്റ് കീപ്പര്‍), സമീര്‍ മിന്‍ഹാസ്, ഉസ്മാന്‍ ഖാന്‍, അഹമ്മദ് ഹുസൈന്‍, ഫര്‍ഹാന്‍ യൂസഫ് (ക്യാപ്റ്റന്‍), ഹുസൈഫ അഹ്സന്‍, അലി ഹസ്സന്‍ ബലോച്ച്, അബ്ദുള്‍ സുബ്ഹാന്‍, മോമിന്‍ ഖമര്‍, മുഹമ്മദ് സയാം, അലി റാസ.

ഇന്ത്യ: ആരോണ്‍ ജോര്‍ജ്, വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വിഹാന്‍ മല്‍ഹോത്ര, അഭിജ്ഞാന്‍ കുന്ദു (വിക്കറ്റ് കീപ്പര്‍), വേദാന്ത് ത്രിവേദി, ആര്‍.എസ്. അംബരീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍.

സൂപ്പര്‍ സിക്സ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് ആരൊക്കെ സെമി ഫൈനലിലെത്താന്‍ പാകിസ്ഥാന് ഇന്ത്യയെ വന്‍ മാര്‍ജിനില്‍ തന്നെ തോല്‍പ്പിക്കണം. ഇംഗ്ലണ്ട് നേരത്തെ സെമി ഉറപ്പാക്കിയിരുന്നു. ഇന്ത്യ, പാകിസ്ഥാന്‍ ടീമുകള്‍ കടുത്ത പോരാട്ടമാണ് സെമി ഫൈനല്‍ സ്ഥാനത്തിനായി നടത്തുന്നത്. ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, സിംബാബ്വെ എന്നിവര്‍ നേരത്തെ പുറത്തായിരുന്നു. നെറ്റ് റണ്‍റേറ്റ് ഇന്ത്യക്ക് അനുകൂലമാണ്. +3.337 നെറ്റ് റണ്‍റേറ്റുണ്ട് ഇന്ത്യക്ക്. മൂന്നില്‍ രണ്ട് മത്സരം ജയിച്ച പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്. നാല് പോയിന്റുള്ള അവര്‍ക്ക് +1.484 നെറ്റ് റണ്‍റേറ്റാണുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നിര്‍ണായകമാകും.

YouTube video player