ടി20 ക്രിക്കറ്റില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്‌കോറാണിത്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്‍ഡോറില്‍ നേടിയ 260 റണ്‍സാണ് ഒന്നാമത്. 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മുംബൈയില്‍ നേടിയ 240 റണ്‍സ് മൂന്നാമതായി.

തിരുവനന്തപുരം: കാര്യവട്ടത്ത് ആരാധകരുടെ മനംനിറച്ചാണ് ടീം ഇന്ത്യ മടങ്ങുന്നത്. രണ്ടാം ട്വന്റി 20യില്‍ ഓസ്‌ട്രേലിയയെ 44 റണ്‍സിന് തകര്‍ത്തു. ഇന്ത്യയുടെ 235 റണ്‍സ് പിന്തുടര്‍ന്ന ഓസീസിന് 191 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലുമെത്തി. ചില നേട്ടങ്ങളും ഇന്ത്യ സ്വന്തം പേരിലാക്കി. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോറാണിത്. ഇന്ത്യ - ഓസ്‌ട്രേലിയ ടി20 പരമ്പരകളിലെ ഏറ്റവും മികച്ച സ്‌കോറും ഇതുതന്നെ. ആദ്യ ടി20യില്‍ വിശാഖപട്ടണത്ത് ഓസീസ് നേടിയ 208 റണ്‍സാണ് അവരുടെ ഏറ്റവും മികച്ച സ്‌കോര്‍. 

ടി20 ക്രിക്കറ്റില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്‌കോറാണിത്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്‍ഡോറില്‍ നേടിയ 260 റണ്‍സാണ് ഒന്നാമത്. 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മുംബൈയില്‍ നേടിയ 240 റണ്‍സ് മൂന്നാമതായി. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഗുവാഹതത്തില്‍ നേടിയ 237 റണ്‍സാണ് അടുത്തത്. പിന്നാലെ കാര്യവട്ടത്ത് ഇന്നലെ നേടിയ 235 റണ്‍സ്. ഈ വര്‍ഷം അഹമ്മദാബാദില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ 234 റണ്‍സ് അഞ്ചാമതായി. ഓസീസിനെതിരെ കളിക്കുന്ന ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. 

2018ല്‍ ഓക്‌ലന്‍ഡില്‍ 243 റണ്‍സ് നേടിയ ന്യൂസിലന്‍ഡാണ് ഒന്നാമത്. 2018ല്‍ ബെര്‍മിംഗ്ഹാമില്‍ 221 റണ്‍സ് നേടിയ ഇംഗ്ലണ്ട് മൂന്നാമതായി. ന്യൂസിലന്‍ഡാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. 2021ല്‍ 219 റണ്‍സും 2010ല്‍ 214 റണ്‍സും കിവീസ് അടിച്ചെടുത്തിരുന്നു. 

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 44 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് നേടിയത്. യഷസ്വി ജെയ്സ്വാള്‍ (53), ഇഷാന്‍ കിഷന്‍ (52), റുതുരാജ് ഗെയ്കവാദ് (58), റിങ്കു സിംഗ് (ഒമ്പത് പന്തില്‍ പുറത്താവാതെ 31) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസീസിന് 9 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. രവി ബിഷ്ണോയിയും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.