ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ മൂന്നാം ദിനം തുടങ്ങും മുമ്പ് ഡിക്ലയര്‍ ചെയ്ത് ടീം ഇന്ത്യ. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 343 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡായിരുന്നു ഇന്ത്യന്‍സംഘം സ്വന്തമാക്കിയിരുന്നത്. ഇപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 493 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയാണെന്ന് നായകന്‍ വിരാട് കോലി അറിയിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ കുറഞ്ഞ സ്കോറിന് പുറത്തായ ബംഗ്ലാദേശിനെ സമാനമായ രീതിയില്‍ പുറത്താക്കി ഇന്നിംഗ്സ് വിജയം പേരിലെഴുതാന്‍ തന്നെയാണ് കോലിപ്പടയുടെ പദ്ധതി. 

തുടര്‍ച്ചയായി രണ്ട് വിക്കറ്റ് വീണപ്പോള്‍ പ്രതിരോധത്തിലേക്ക് വലിയാതെ ആഞ്ഞടിച്ച രഹാനെ-മായങ്ക് സഖ്യമാണ് കളിയില്‍ ഇന്ത്യക്ക് മേല്‍ക്കൈ നല്‍കിയത്. നാലാം വിക്കറ്റില്‍ 190 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. 86 റണ്‍സെടുത്ത രഹാനെ അര്‍ഹിക്കുന്ന സെഞ്ചുറിക്ക് 14 റണ്‍സകലെ വീണെങ്കിലും മായങ്ക് സെഞ്ചുറിയും ഡബിള്‍ സെഞ്ചുറിയും നേടി ഇന്ത്യയെ സുരക്ഷിത തീരത്തെത്തിച്ചു.

രഹാനെ പുറത്തായശേഷം സ്കോറിംഗ് വേഗം കൂട്ടിയ മായങ്ക് ജഡേജയ്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോര്‍ കുറിച്ച മായങ്ക് ഒടുവില്‍ മെഹ്ദി ഹസന്റെ പന്തില്‍ അബു ജെയ്ദിന് ക്യാച്ച് നല്‍കി മടങ്ങി. എട്ട് സിക്‌സും 28 ഫോറും അടങ്ങുന്നതാണ് മായങ്കിന്റെ ഇന്നിംഗ്സ്. മെഹ്ദി ഹസനെതിരെ സിക്‌സ് നേടിയാണ് മായങ്ക് ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

മായങ്ക് പുറത്തായശേഷം ക്രീസിലെത്തിയ വൃദ്ധിമാന്‍ സാഹ(12)യ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയ ഉമേഷ് യാദവ് 10 പന്തില്‍ 25 റണ്‍സുമായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതോടെ രണ്ടാം ദിനം മാത്രം ഇന്ത്യ 400 റണ്‍സ് അടിച്ചു കൂട്ടുകയായിരുന്നു. ബംഗ്ലാദേശിനായി അബു ജെയ്ദ് നാലു വിക്കറ്റ് വീഴ്ത്തി.