ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. രാഹുലും ഗില്ലും യഥാക്രമം 87, 78 റൺസുമായി പുറത്താകാതെ നിൽക്കുന്നു.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ശക്തമായി നിലയില്‍. ഒന്നാം ഇന്നിംഗ്സില്‍ 311 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 174 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോഴും 137 റണ്‍സ് പിറകിലാണ് ഇന്ത്യ. കെ എല്‍ രാഹുല്‍ (87), ശുഭ്മാന്‍ ഗില്‍ (78) എന്നിവരാണ് ക്രീസില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 358നെതിരെ ഇംഗ്ലണ്ട് 669 റണ്‍സാണ് അടിച്ചെടുത്തത്. ജോ റൂട്ടിന് (150) പുറമെ ബെന്‍ സ്റ്റോക്സും (141) ഇന്ന് ഇംഗ്ലണ്ടിനായി സെഞ്ചുറി നേടി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി.

പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. യശസ്വി ജയ്സ്വാള്‍ (0), സായ് സുദര്‍ശന്‍ (0) എന്നിവരാണ് മടങ്ങിയത്. ക്രിസ് വോക്സിന്റെ നാലാം പന്തില്‍ ജയ്സ്വാള്‍ ഫസ്റ്റ് സ്ലിപ്പില്‍ ജോ റൂട്ടിന്റെ കൈകളിലേക്ക്. തൊട്ടുപിന്നാലെ സായ് സുദര്‍ശനും മടങ്ങി. ഇത്തവണ സെക്കന്‍ഡ് സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച്. പിന്നാലെ രാഹുല്‍ - ഗില്‍ സഖ്യം പിടിച്ചുനില്‍ക്കുകയായിരുന്നു. ഇതിനിടെ ഗില്ലിന്റെ ക്യാച്ച് സ്ലിപ്പില്‍ വിട്ടുകളയുകയും ചെയ്തു. നാലാം ദിനം ഏഴിന് 544 എന്ന നിലയില്‍ ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ഇന്ന് 125 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ലിയാം ഡോസണിന്റെ (26) വിക്കറ്റാണ് ഇന്ന് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമാകുന്നത്. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ബ്രൈഡണ്‍ കാര്‍സെയ്ക്കൊപ്പം (47) ചേര്‍ന്ന് സ്റ്റോക്സ് 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു.

ജഡേജയുടെ പന്തില്‍ സായിക്ക് ക്യാച്ച് നല്‍കിയാണ് സ്റ്റോക്സ് മടങ്ങുന്നത്. 198 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും 11 ഫോറും നേടി. കാര്‍സെയുടെ ഇന്നിംഗ്സ് ലീഡുയര്‍ത്താന്‍ സഹായിച്ചു. ജഡേജയാണ് കാര്‍സെയെ പുറത്താക്കുന്നത്. ജോഫ്ര ആര്‍ച്ചര്‍ (2) പുറത്താവാതെ നിന്നു. ഇന്നലെ ആദ്യ സെഷനില്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. രണ്ടാം സെഷനില്‍ പോപ്പിനെ പുറത്താക്കി സുന്ദര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് പോപ്പ് മടങ്ങുന്നത്. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. റൂട്ട് - പോപ്പ് സഖ്യം വിലപ്പെട്ട 135 റണ്‍സ് കൂട്ടിചേര്‍ത്തു. തുടര്‍ന്ന് ക്രീസിലെത്തിയ ഹാരി ബ്രൂക്കിന് 12 പന്ത് മാത്രമായിരുന്നു ആയുസ്. സുന്ദറിന്റെ പന്ത് ക്രീസ് വിട്ട് കളിക്കാന്‍ ശ്രമിച്ച ബ്രൂക്കിന് (3) പിഴച്ചു. പന്ത് പ്രതിരോധിക്കാന്‍ ബ്രൂക്കിന് സാധിച്ചില്ല. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു താരത്തെ.

തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന റൂട്ട് - സ്റ്റോക്സ് സഖ്യം ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ കാത്തു. ഇരുവരും മികച്ച രീതിയില്‍ മുന്നോട്ട് പോകുന്ന സമയത്ത് സ്റ്റോക്‌സ് റിട്ടയേര്‍ഡ് ഹര്‍ട്ടായി. ഒടുവില്‍ ജോ റൂട്ടിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറല്‍ താരത്തെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 14 ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു റൂട്ടിന്റെ ഇന്നിംഗ്‌സ്. ജെയ്മി സ്മിത്ത് (9), ക്രിസ് വോക്‌സ് (4) എന്നിവരുടെ വിക്കറ്റും ഇംഗ്ലണ്ടിന് ഇന്ന് നഷ്ടമായി. രണ്ടാം ദിനം ബെന്‍ ഡക്കറ്റ് (94), സാക് ക്രൗളി (84) എന്നിവരും മടങ്ങിയിരുന്നു. രവീന്ദ്ര ജഡേജ, അന്‍ഷൂല്‍ കാംബോജ് എന്നിവര്‍ക്കായിരുന്നു വിക്കറ്റ്. നേരത്തെ, മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. ഓപ്പണിംഗ് വിക്കറ്റില്‍ 166 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നേടാനായത്. പേസര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിക്കാഞ്ഞതോടെ രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിച്ച ശുഭ്മാന്‍ ഗില്ലിന്റെ തീരുമാനമാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

ക്രോളിയെ ജഡേജ സ്ലിപ്പില്‍ കെ എല്‍ രാഹുലിന്റെ കൈകകളിലെത്തിച്ചു. സെഞ്ചുറിയിലേക്ക് തകര്‍ത്തടിച്ച ഡക്കറ്റിന് അന്‍ഷുല്‍ കാംബോജ് വിക്കറ്റിന് പിന്നില്‍ പകരക്കാരന്‍ കീപ്പര്‍ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ച് രണ്ടാം ദിനം ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കി. രണ്ടാം ദിനം നാലിന് 264 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ 94 റണ്‍സ് കൂടി കൂചട്ടിച്ചേര്‍ത്ത് രണ്ടാം സെഷനില്‍ 358 റണ്‍സിന് ഓള്‍ ഔട്ടാവുകായിരുന്നു. കാല്‍പ്പാദത്തിലെ പരിക്ക് വകവെക്കാതെ രണ്ടാം ദിനം ക്രീസിലിറങ്ങി പൊരുതിയ റിഷഭ് പന്തിന്റെ (54) അര്‍ധസെഞ്ചുറിയുടെയും ഷാര്‍ദ്ദുല്‍ താക്കൂര്‍ (41), വാഷിംഗ്ടണ്‍ സുന്ദര്‍ (27) എന്നിവരുടെ ചെറുത്തു നില്‍പ്പിന്റെയും കരുത്തിലാണ് ഇന്ത്യ 358 റണ്‍സിലെത്തിയത്.

രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ രവീന്ദ്ര ജഡേജയെ നഷ്ടമായി. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ന്യൂബോളെടുത്ത ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറാണ് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ആര്‍ച്ചറുടെ പന്തില്‍ ജഡേജ രണ്ടാം സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. കഴിഞ്ഞ നാല് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ. ജഡേജ 20 റണ്‍സുമായാണ് മടങ്ങിയത്. 266-5 എന്ന നിലയില്‍ പതറിയ ഇന്ത്യയെ ഷാര്‍ദ്ദുല്‍ താക്കൂറും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്നാണ് 300 കടത്തിയത്. 61 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. യശസ്വി ജയ്സ്വാള്‍ (58), കെ എല്‍ രാഹുല്‍ (46) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

YouTube video player