ടി20 റാങ്കിംഗില്‍ ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്ക, നിലവിലെ ടി20 ലോകകപ്പ് ചാംപ്യന്‍മാരായ ഓസ്ട്രേലിയ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തെത്തിയത്.

ദുബായ്: ഐസിസി ടി20 വാര്‍ഷിക റാങ്കിംഗില്‍ (T20 Ranking) ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. രോഹിത് ശര്‍മയുടെ (Rohit Sharma) ഇന്ത്യക്ക് 270 റേറ്റിംഗാണുള്ളത്. രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടുമായി അഞ്ച് പോയിന്റ് വ്യത്യാസമുണ്ട്. തൊട്ടുമുമ്പ് റാങ്ക് പുറത്തുവിട്ടപ്പോള്‍ ഒരു പോയിന്റായിരുന്നു വ്യത്യാസം. അതേസമയം, ടെസ്റ്റ് ടീം റാങ്കിംഗില്‍ ഓസ്ട്രേലിയ (Australia) ഒന്നാമത് തുടരുന്നു. ഏകദിനത്തില്‍ ന്യൂസിലാന്‍ഡാണ് ഒന്നാമത്.

ടി20 റാങ്കിംഗില്‍ ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്ക, നിലവിലെ ടി20 ലോകകപ്പ് ചാംപ്യന്‍മാരായ ഓസ്ട്രേലിയ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തെത്തിയത്. ഇതോടെയാണ് ഓസീസ് അഞ്ചാം സ്ഥാനത്തേക്കിറങ്ങിയത്. ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താന്‍ എന്നിവര്‍ യഥാക്രമം ആറ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളിലുണ്ട്. 

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം രോഹിത്തിന് കീഴിലിറങ്ങിയ ഇന്ത്യ ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റില്‍ തോല്‍വി അറിഞ്ഞിട്ടില്ല. ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരകള്‍ ഇന്ത്യ തൂത്തുവാരുകയായിരുന്നു. പരാജയമറിയാതെ 12 ടി20കളാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. ഇതോടെ ഏറ്റവുമധികം തുടര്‍ ജയങ്ങളെന്ന ലോക റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 105 റേറ്റിംഗാണ് ഇന്ത്യക്കുള്ളത്. 102 റേറ്റിംഗുള്ള പാകിസ്ഥാന്‍ അഞ്ചാമതാണ്. ലോക ചാംപ്യന്മാരായ ഇംഗ്ലണ്ട് രണ്ടാമതുണ്ട്. ഒന്നാം സ്ഥാനക്കാരായ കിവീസുമായി ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. ന്യൂസിലന്‍ഡിന് 125 റേറ്റിംഗ് പോയിന്റുണ്ട്. ഓസീസ് മൂന്നാം സ്ഥാനത്താണ്. 

ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ആറ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ (119), ഓസീസിന് (128) പിന്നില്‍ രണ്ടാമത് തുടരുന്നു. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കളായ കിവീസ് (111) മൂന്നാമതാണ്. ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തും പാകിസ്ഥാന്‍ അഞ്ചാമതുമാണ്.

ഇംഗ്ലണ്ട്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവരാണ് ആറ് മുതല്‍ പത്തുവരെയുള്ള റാങ്കിംഗില്‍.