സിഡ്‌നി: കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ടീം ഇന്ത്യക്ക് തിരിച്ചടി. ഓസ്‌ട്രേലിയക്കെതിരായ അവസാന ടി20യിലാണ് കുറഞ്ഞ ഓവര്‍ നിരക്ക് രേഖപ്പെടുത്തിയത്. നിശ്ചിത സമയത്തിനുള്ള 19 ഓവറുകള്‍ മാത്രമാണ് ഇന്ത്യക്ക് പൂര്‍ത്തിയാക്കാനായത്. ഒരു ഓവര്‍ ചെയ്യാന്‍ അധിക സമയമെടുക്കേണ്ടിവന്നു. ഇതോടെ മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തുകയായിരുന്നു. ടീമിലെ ഓരോ താരങ്ങള്‍ പിഴയൊടുക്കാന്‍ ബാധ്യസ്ഥരാണ്. മാച്ച് റഫറി ഡേവിഡ് ബൂണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.

സംഭവിച്ച തെറ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഏറ്റുപറഞ്ഞു. ഇതോടെ ഇക്കാര്യത്തില്‍ മാച്ച് റഫറി തീരുമാനമെടുക്കുകയായിരുന്നു. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ നായകന്മാരെ പോയിന്റ് കുറച്ച് തരംതാഴ്ത്തുന്ന നടപടി ഐസിസി ഉപേക്ഷിച്ചിരുന്നു. ഇതോടെ താരങ്ങള്‍ക്ക് പിഴ ചുമത്തുകയായിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ആദ്യമായിട്ടല്ല ടീം ഇന്ത്യ പിഴയടക്കേണ്ടി വരുന്നത്. ഏകദിന പരമ്പരയ്ക്കിടയിലും സമാന സംഭവമുണ്ടായിരുന്നു. സിഡ്‌നിയില്‍ നടന്ന ആദ്യ മത്സരത്തിലാണ് പിഴ ഉണ്ടായിരുന്നത്.  

സാധാരണ ഗതിയില്‍ മൂന്നര മണിക്കൂറാണ് 50 ഓവര്‍ പൂര്‍ത്തിയാക്കാന്‍ ഐസിസി അനുവദിക്കുന്നത്. എന്നാല്‍ നിശ്ചിത സമയത്തിനം ഓവറുകള്‍ ചെയ്ത് തീര്‍ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ഇന്ത്യന്‍ താരങ്ങള്‍ നാല് മണിക്കൂറും ആറ് മിനിറ്റുമാണെടുത്താണ് അന്ന് ബൗളിഹ് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷമാദ്യം ന്യൂസിലാന്‍ഡ് പര്യടനത്തിനിടെയും തുടര്‍ച്ചയായി മൂന്നു മത്സരങ്ങളില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യ പിഴയൊടുക്കിയിരുന്നു.