ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡിന് എതിരായ അവസാന ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 113 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്‌ടമായി. മായങ്ക് അഗര്‍വാളും പൃഥ്വി ഷായും വിരാട് കോലിയും അജിങ്ക്യ രഹാനെയുമാണ് പുറത്തായത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തിൽ 137 റൺസെന്ന നിലയിലാണ്. പൂജാരയും(42*) ഹനുമാ വിഹാരിയുമാണ്(9*) ക്രീസിൽ.

ക്രൈസ്റ്റ്‌ചര്‍ച്ചില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപ്പണര്‍ മായങ്ക് ഏഴ് റണ്‍സില്‍ പുറത്തായപ്പോള്‍ അതിവേഗം ഷാ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 64 പന്തില്‍ 54 റണ്‍സെടുത്ത് ഷാ പുറത്തായശേഷം ഇന്ത്യ തകര്‍ച്ച നേരിടുകയായിരുന്നു. കോലി മൂന്നിനും രഹാനെ ഏഴിനും പുറത്തായി. സൗത്തിക്ക് മുന്നിലാണ് കോലി ഇക്കുറിയും വീണത്. 

കണങ്കാലിന് പരിക്കേറ്റ പേസര്‍ ഇശാന്ത് ശര്‍മ്മയ്‌ക്ക് പകരം ഉമേഷ് യാദവും സ്‌പിന്നര്‍ ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയും ഇന്ത്യൻ ടീമിലെത്തി. പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. 

ഇന്ത്യന്‍ ടീം: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര