Asianet News MalayalamAsianet News Malayalam

റൂട്ടും ലീച്ചും എറിഞ്ഞിട്ടു, ഇന്ത്യയും തകര്‍ന്നു; അഹമ്മദാബാദ് ടെസ്റ്റില്‍ കോലിപ്പടയ്ക്ക് നേരിയ ലീഡ് മാത്രം

അഞ്ച് വിക്കറ്റ് നേടിയ ജോ റൂട്ടൂം  നാല് വിക്കറ്റ് സ്വന്തമാക്കിയജാക്ക് ലീച്ചുമാണ് ഇന്ത്യയെ തകര്‍ത്തത്. 66 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ടോപ് സ്‌കോറര്‍.

India got first Innings lead against India in Ahmedabad Test
Author
Ahmedabad, First Published Feb 25, 2021, 4:16 PM IST

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 33 റണ്‍സ് ലീഡ് മാത്രം. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 112നെതിരെ ഇന്ത്യ 145 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ജോ റൂട്ടും നാല് വിക്കറ്റ് സ്വന്തമാക്കിയ ജാക്ക് ലീച്ചുമാണ് ഇന്ത്യയെ തകര്‍ത്തത്. 66 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൊട്ടേറ സ്‌റ്റേഡിയത്തിലെ പകല്‍- രാത്രി ടെസ്റ്റില്‍ ഇന്ത്യന്‍ മധ്യനിര ദയനീയമായി കീഴടങ്ങുകയായിരുന്നു. അജിന്‍ക്യ രഹാനെ (7), ഋഷഭ് പന്ത് (0) എന്നിവര്‍ നിരാശയാണ് സമ്മാനിച്ചത്. നേരത്തെ ആറ് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അശ്വിന്‍ മൂന്നും വിക്കറ്റ് നേടി. 

മധ്യനിര പൊരുതാതെ കീഴടങ്ങി

India got first Innings lead against India in Ahmedabad Test

മൂന്നിന് 99 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം ആരംഭിക്കുന്നത്. ഇന്ന് ആദ്യം നഷ്ടമായത് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ വിക്കറ്റാണ്. 25 പന്തുകള്‍ മാത്രം നേരിട്ട് ഏഴ് റണ്‍്‌സ് മാത്രമെടുത്ത രഹാനെയെ ലീച്ച് വിക്കറ്റിന് മുന്നില്‍ കുടുക്കി. ലീച്ചിന്റെ തൊട്ടടുത്ത ഓവറില്‍ രോഹിത്തും പവലിയനില്‍ തിരിച്ചെത്തി. സ്വീപ്പ് ഷോട്ടിന് ശ്രമിക്കുമ്പോള്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. അടുത്ത ഋഷഭ് പന്തിന്റെ ഊഴമായിരുന്നു. മത്സരത്തിലെ ആദ്യ ഓവര്‍ എറിയാനെത്തിയ ജോ റൂട്ട് പന്തിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. ഇതോടെ ഇന്ത്യന്‍ മധ്യനിരയുടെ പതനം പൂര്‍ത്തിയായി.

വാലറ്റം തകര്‍ന്നു

India got first Innings lead against India in Ahmedabad Test

പന്തെറിയുന്നതിനോടൊപ്പം മികച്ച രീതിയില്‍ ബാറ്റും ചെയ്യുന്ന വാഷിംഗ്ടണ്‍ സുന്ദറും (0), അക്‌സര്‍ പട്ടേലും (0) വാലറ്റത്ത് കടുത്ത നിരാശയായി. ഇരുവരേയും ഒരു ഓവറില്‍ തന്നെ ജോ റൂട്ട് മടക്കിയയച്ചു. സുന്ദര്‍ ബൗള്‍ഡായപ്പോള്‍ അക്‌സര്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ ഷോര്‍ട്ട് കവറില്‍ ഡൊമിനിക് സിബ്ലിക്ക് ക്യാച്ച് നല്‍കി മടങ്ങി. അല്‍പനേരം ചെറുത്തുനിന്ന അശ്വിന്‍ (17) റൂട്ടിന്‍റെ പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ചപ്പോള്‍ ക്രൗളിയുടെ കയ്യില്‍ ഒതുങ്ങി. ജസ്‍പ്രിത ബുമ്ര (1) റൂട്ടിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇശാന്ത് ശര്‍മ (10) പുറത്താവാതെ നിന്നു. 

ഇന്നലെ നഷ്ടമായത് മൂന്ന് വിക്കറ്റുകള്‍

India got first Innings lead against India in Ahmedabad Test

ആദ്യ ദിനം മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായിരുന്നത്. ശുഭ്മാന്‍ ഗില്‍ (11), ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (27) എന്നിവരാണ് ഇന്നലെ മടങ്ങിയത്. ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിലാണ് ഗില്‍ മടങ്ങിയത്. ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ സാക് ക്രൗളിക്ക് ക്യാച്ച് നല്‍കി.  പിന്നീട് ക്രീസിലെത്തിയത് പൂജാര. എന്നാല്‍ നാല് പന്തുകള്‍ മാത്രമായിരുന്നു പൂജാരയുടെ ആയുസ്. ജാക്ക് ലീച്ചിന്റെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഒന്നാം ദിവസത്തെ അവസാന ഓവറിലാണ് കോലി മടങ്ങിയത്. അതും നാല് പന്തുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍. ലീച്ചിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പുറത്താകുമ്പോള്‍ 27 റണ്‍സ് മാത്രമായിരുന്നു കോലിയുടെ സമ്പാദ്യം. മൂന്ന് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്. ഇതിനിടെ രോഹിത് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 82 പന്തില്‍ ഒമ്പത് ബൗണ്ടറികളുടെ സഹായത്തോടെയാണ് രോഹിത് 57 റണ്‍സെടുത്തത്.

ഇംഗ്ലണ്ടിന് ആശ്രയം ലീച്ച്, എന്നാല്‍ റൂട്ട് !

India got first Innings lead against India in Ahmedabad Test

പകല്‍- രാത്രി ടെസ്റ്റായതുകൊണ്ടുതന്നെ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറെ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ഇന്ത്യയാവട്ടെ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയിരുന്നു. മൊട്ടേറ സ്റ്റേഡിയത്തില്‍ ഒന്നാംദിനം തന്നെ കുത്തിത്തിരിയുന്ന പിച്ചാണ് കണ്ടത്. ഇംഗ്ലണ്ടിന്റെ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയതും സ്പിന്നര്‍മാരാണ്. ഈ സാഹചര്യത്തില്‍ ഒരു സ്പിന്നറെ മാത്രം ഇറക്കി കളിക്കാനുള്ള ഇംഗ്ലണ്ടിന്റെ തീരുമാനം പാടെ പിഴച്ചു. ഇംഗ്ലണ്ടിനായി നാല് വിക്കറ്റും വീഴ്ത്തിയത് ലീച്ചാണെന്നും ഓര്‍ക്കണം. ഡോം ബെസ്സിന് കൂടെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് അല്‍പം ആശ്വാസം ലഭിക്കുമായിരുന്നു. എന്നാല്‍ റൂട്ടിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനം പലരേയും അമ്പരപ്പിച്ചു. ഈ പ്രകടനം അടുത്ത ഇന്നിങ്സിലും തുടരുമോയെന്ന് കണ്ടറിയണം

പട്ടേലിന്റെ ആറ് വിക്കറ്റ് നേട്ടം

India got first Innings lead against India in Ahmedabad Test

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും അക്സര്‍ പട്ടേല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. കഴിഞ്ഞ ആഴ്ച്ച ചെന്നൈയിലെ അരങ്ങേറ്റ ടെസ്റ്റിലും ഇടങ്കയ്യന്‍ സ്പിന്നര്‍ അഞ്ച് പേരെ പുറത്താക്കിയിരുന്നു. ഇത്തവണ ഏഴാം ഓവറില്‍ തന്നെ അക്സര്‍ പന്തെറിയാനെത്തി. അതിനുള്ള ഫലവും കണ്ടു. ആദ്യ പന്തില്‍ തന്നെ വിക്കറ്റ്. ജോണി ബെയര്‍സ്റ്റോയെ (0) താരം വിക്കറ്റിന് മുന്നില്‍ കുടക്കി. അടുത്ത ഇര ക്രൗളിയായിരുന്നു. ഇംഗ്ലീഷ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്ന ഓപ്പണറേയും പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ബെന്‍ സ്റ്റോക്സിനും (6) എല്‍ബിഡബ്ല്യൂ ആവാനായിരുന്നു വിധി. ജോഫ്ര ആര്‍ച്ചര്‍ (11) ബൗള്‍ഡായപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് (3) സ്വീപ് ശ്രമിക്കുമ്പോള്‍ ഫൈന്‍ ലെഗില്‍ ബുമ്രയ്ക്ക് ക്യാച്ച നല്‍കി മടങ്ങി. ബെന്‍ ഫോക്സാവട്ടെ (12) വിക്കറ്റ് തെറിച്ച് പവലിയനില്‍ തിരിച്ചെത്തി. അശ്വിന്‍ മൂന്നും ഇശാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.

Follow Us:
Download App:
  • android
  • ios