പെര്‍ത്ത്: വനിത ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 16 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ താനിയ ഭാട്ടിയ (2), ഷെഫാലി വര്‍മ (39), ഹര്‍മന്‍പ്രീത് കൗര്‍ (8), ജമീമ റോഡ്രിഗസ് (34) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റിച്ച ഘോഷ് (14), ദീപ്തി ശര്‍മ (10) എന്നിവരാണ് ക്രീസില്‍. ബംഗ്ലാദേശിനായി പന്ന ഘോഷ് രണ്ട് വിക്കറ്റ് വീഴ്ത്തി. സ്ഥിരം ഓപ്പണര്‍ സ്മൃതി മന്ഥാനയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. പനി കാരണമാണ് താരത്തിന് കളിക്കാന്‍ കഴിയാതെ പോയത്. റിച്ച ഘോഷാണ് ടീമിലെത്തിയ പകരക്കാരി. 

ഓപ്പണറുടെ റോളില്‍ ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ താനിയ ഭാട്ടിയ (2) നിരാശപ്പെടുത്തി. രണ്ടാം ഓവറില്‍ തന്നെ താരം മടങ്ങി. പിന്നീട് ഒത്തുച്ചേര്‍ന്ന ഷെഫാലി- ജമീമ സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവുരും 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടീം മികച്ച സ്‌കോറിലേക്ക് പോകുന്നതിനിടെ ഷെഫാലി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. 17 പന്ത് നേരിട്ട ഷെഫാലി 39 റണ്‍സെടുത്തു. നാല് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിങ്‌സ്.

പിന്നാലെ എത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. 11 റണ്‍സ് നേരിട്ട ഹര്‍മന്‍പ്രീത് എട്ട് റണ്‍സുമായി മടങ്ങി. ജമീമ (34) റണ്ണൌട്ടാവുകയായിരുന്നു.  പന്ന ഘോഷിന് പുറമെ സല്‍മ ഖതുന്‍ ഒരു വിക്കറ്റ് വീഴ്ത്തി. ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു.

ടീം ഇന്ത്യ: ഷെഫാലി വര്‍മ, താനിയ ഭാട്ടിയ, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ, റിച്ച ഘോഷ്, വേദ കൃഷ്ണമൂര്‍ത്തി, ശിഖ പാണ്ഡെ, അരുന്ധതി റെഡ്ഡി, പൂനം യാദവ്, രാജേശ്വരി ഗെയ്കവാദ്.