33 പന്തില്‍ 68 റണ്‍സെടുത്ത വൈഭവ് സൂര്യവൻഷിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 24 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് 9 ഫോറും നാലു സിക്സും പറത്തിയാണ് 68 റണ്‍സടിച്ചത്.

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 311 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. അഫ്ഗാനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയിലാണ്. 42 റണ്‍സുമായി മലയാളി താരം ആരോണ്‍ ജോര്‍ജും 22 റണ്‍സോടെ ക്യാപ്റ്റൻ ആയുഷ് മാത്രെയും ക്രീസില്‍. 33 പന്തില്‍ 68 റണ്‍സെടുത്ത വൈഭവ് സൂര്യവൻഷിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 24 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് 9 ഫോറും നാലു സിക്സും പറത്തിയാണ് 68 റണ്‍സടിച്ചത്. വൈഭവും ആരോണ്‍ ജോര്‍ജും തുടക്കത്തിലെ നല്‍കിയ അനായാസ ക്യാച്ചുകള്‍ അഫ്ഗാന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത് ഇന്ത്യക്ക് രക്ഷയായി.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഫൈസല്‍ ഷിനോസദയുടെയും ഉസൈറുള്ള നിയാസിയുടെയും സെഞ്ചുറികളുടെ കരുത്തിലാണ് 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തത്. 93 പന്തില്‍ 110 റണ്‍സെടുത്ത ഷിനോസദയാണ് അഫ്ഗാനിസ്ഥാന്‍റെ ടോപ് സ്കോറര്‍. അവസാന ഓവറില്‍ സെഞ്ചുറിയിലെത്തിയ ഉസൈറുള്ള നിയാസി 86 പന്തില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. അഫ്ഗാനായി ഓപ്പണര്‍ ഉസ്മാന്‍ സാദത്ത് 39ഉം ഖാലിദ് അഹമ്മദ് സായി 31 ഉം റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ ഉസൈറുള്ള നിയാസി-ഫൈസല്‍ ഷിനോസോദ സഖ്യം 130 പന്തില്‍ 148 റണ്‍സെടുത്തതാണ് അഫ്ഗാന് കരുത്തായത്. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതമെടുത്തു.

View post on Instagram

ടോസ് നേടി ക്രീസിലിറങ്ങിയ അഫ്ഗാന് ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഉസ്മാന്‍ സാദത്ത് (39) - ഖാലിദ് അഹമ്മദ്‌സായ് (31) എന്നിവര്‍ 53 റണ്‍സ് ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. ഖാലിദിനെ പുറത്താക്കി ദീപേഷ് ദേവേന്ദ്രനാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് ഉസ്മാന്‍ - ഫൈസല്‍ സഖ്യം 64 റണ്‍സും കൂട്ടിചേര്‍ത്തു. 25-ാം ഓവറില്‍ ഈ കൂട്ടുകെട്ട് തകര്‍ത്ത് കനിഷ്‌ക് ചൗഹാനാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഉസൈറുള്ള - ഫൈസല്‍ സഖ്യം തകര്‍ത്തടിച്ചതോടെ അഫ്ഗാന്‍ കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കി. 25-ാം ഓവറില്‍ ക്രീസില്‍ ഒത്തു ചേര്‍ന്ന ഇരുവരും 46-ാം ഓവറിലാണ് വേര്‍പിരിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക