കിംഗ്‌സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 299 റണ്‍സിന്റെ കൂറ്റന്‍ ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 416നെതിരെ ആതിഥേയര്‍ 117ന് എല്ലാവരും പുറത്തായി. ഫോളോഓണ്‍ ചെയ്യിക്കാനുള്ള അവസരം ഉണ്ടായിരുന്നുവെങ്കിലും വേണ്ടെന്ന് വെക്കുകയായിരുന്നു. 34 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മയേറാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ജസ്പ്രീത് ബുംറ ആറ് വിക്കറ്റെടുത്തു.

ഏഴിന് 87ന് എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച വിന്‍ഡീസിനെ മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയും രവീന്ദ്ര ജഡേജയും എറിഞ്ഞൊതുക്കി. ഇന്നലെ ആറ് വിക്കറ്റ് നേടിയ ബുംറയ്ക്ക് ഇന്ന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. 30 റണ്‍സ് മാത്രമാണ് മൂന്നാംദിനം വിന്‍ഡീസിന് നേടാന്‍ സാധിച്ചത്. റഖീം കോര്‍ണ്‍വാള്‍ (14), കെമര്‍ റോച്ച് (17), ജഹ്മര്‍ ഹാമില്‍ട്ടണ്‍ (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്.

ബുംറയ്ക്ക് പുറമെ ഇന്ത്യക്ക് വേണ്ടി ഷമി രണ്ടും ഇശാന്ത്, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ നാല് റണ്‍സെടുത്തിട്ടുണ്ട്.