ബ്ലോംഫോന്റൈന്‍: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം. ഗ്രൂപ്പ് എയില്‍ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 90 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 45.2 ഓവറില്‍ 207ന് എല്ലാവരും പുറത്തായി. ആകാശ് സിംഗ്, സിദ്ധേഷ് വീര്‍, രവി ബിഷ്‌ണോയ് എ്ന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

രവിന്ദു രസന്ത (49), നിപുണ്‍ ധനഞ്ജയ (50) കമില്‍ മിഷാര (39) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. ആറ് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല. നേരത്തെ, യഷസ്വി ജെയ്‌സ്വാള്‍ (59), ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് (56), ദ്രുവ് ജുറല്‍ (പുറത്താവാതെ 52) എന്നിവര്‍ നേടിയ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.  

ജെയ്‌സ്വാള്‍, ഗാര്‍ഗ് എന്നിവരെ കൂടാതെ ദിവ്യാന്‍ഷ് സക്‌സേന (23), തിലക് വര്‍മ (46) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജുറലിനൊപ്പം സിദ്ധേഷ് വീര്‍ (27 പന്തില്‍ 44) പുറത്താവാതെ നിന്നു. ജയ്‌സ്‌വാള്‍- സഖ്യം ആദ്യ വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സക്‌സേന ആദ്യം മടങ്ങി. അംഷി ഡി സില്‍വയുടെ പന്തില്‍ നിപുന്‍ ധനഞ്ജയ്ക്ക് ക്യാച്ച്. അധികം വൈകാതെ ജെയ്‌സ്‌വാളും മടങ്ങി. ദില്‍ഷന്‍ മധുഷങ്കയ്ക്കായിരുന്നു വിക്കറ്റ്. തിലക്- ഗാര്‍ഗ് കൂട്ടിച്ചേര്‍ത്ത 57 റണ്‍സും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. 

ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് 23.5 ഓവറില്‍ 75ന് എല്ലാവരും പുറത്തായി. പാകിസ്ഥാന്‍ 11.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.