രണ്ടിന് 75 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്.

ഓവല്‍: ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. ഓവലില്‍ മൂന്നാം ലഞ്ചിന് ശേഷം മത്സരം പുരോഗമിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. നിലവില്‍ 189 റണ്‍സിന്റെ ലീഡുണ്ട് ഇന്ത്യക്ക്. യശസ്വി ജയ്‌സ്വാള്‍ (100) സെഞ്ചുറിയുമായി ക്രീസിലുണ്ട്. കരുണ്‍ നായര്‍ (5) അദ്ദേഹത്തിന് കൂട്ട്. നൈറ്റ് വാച്ച്മാനായി ക്രീസിലുണ്ടായിരുന്നു ആകാശ് ദീപ് (55), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ഇന്ത്യക്ക് നഷ്ടമായത്. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 23 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 224നെതിരെ ഇംഗ്ലണ്ട് 247 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടിന് 75 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. മൂന്നാം ദിനം ജയ്‌സ്വാള്‍ - ആകാശ് സഖ്യം 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷമാണ് ആകാശ് മടങ്ങുന്നത്. ജാമി ഓവര്‍ടോണിന്റെ പന്തില്‍ ഗുസ് അറ്റ്കിന്‍സണ് ക്യാച്ച്. പിന്നീട് ആദ്യ സെഷനില്‍ വിക്കറ്റൊന്നും നഷ്ടമായില്ല. എന്നാല്‍ രണ്ടാം സെഷനിലെ ആദ്യ പന്തില്‍ തന്നെ ഗില്‍ മടങ്ങി. അറ്റ്കിന്‍സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. കെ എല്‍ രാഹുല്‍ (7), സായ് സുദര്‍ശന്‍ (11) എന്നിവരുടെ വിക്കറ്റുള്‍ ഇന്നലെ ഇന്ത്യക്ക് നഷ്ടമായിരുന്നു.

രാഹുല്‍ ജോഷ് ടംഗിന്റെ പന്തില്‍ സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി പുറത്തായപ്പോള്‍ സായ് അറ്റ്കിന്‍സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. നേരത്തെ രണ്ടാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 224 റണ്‍സില്‍ അവസാനിപ്പിച്ച് ഒന്നാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ സാക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് ബാസ്‌ബോള്‍ ശൈലിയില്‍ തകര്‍ത്തടിച്ച് 12.5 ഓവറില്‍ 92 റണ്‍സിലെത്തിച്ച് തകര്‍പ്പന്‍ തുടക്കമിട്ടെങ്കിലും 247 റണ്‍സില്‍ ഇംഗ്ലണ്ട് ഓള്‍ ഔട്ടായി.

57 പന്തില്‍ 64 റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഹാരി ബ്രൂക്ക് (53), ബെന്‍ ഡക്കറ്റ് (43) ജോ റൂട്ട് (29) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തെ 204-6 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് രണ്ടാം ദിനം 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യ ഓള്‍ ഔട്ടായത്. 57 റണ്‍സെടുത്ത കരുണ്‍ നായരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

YouTube video player