മറുപടി ബാറ്റിംഗില്‍ അത്ര നല്ലതായിരുന്നില്ല ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 31 റണ്‍സുള്ളപ്പോള്‍ രോഹിത് ശര്‍മ (20) മടങ്ങി.

ദുബായ്: പാകിസ്ഥാനെതിരെ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ വിജയത്തോടടക്കുന്നു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 26 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 128 റണ്‍സെടുത്തിട്ടുണ്ട്. വിരാട് കോലി (47), ശ്രേയസ് അയ്യര്‍ (12) എന്നിവരാണ് ക്രീസില്‍. നേരത്തെ, സൗദ് ഷക്കീല്‍ (62), മുഹമ്മദ് റിസ്വാന്‍ (46) ഖുഷ്ദില്‍ ഷാ (38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പാകിസ്ഥാന് ഭേദപ്പെട്ട ഇന്നിംഗ്‌സ് സമ്മാനിച്ചത്.

മറുപടി ബാറ്റിംഗില്‍ അത്ര നല്ലതായിരുന്നില്ല ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 31 റണ്‍സുള്ളപ്പോള്‍ രോഹിത് ശര്‍മ (20) മടങ്ങി. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നീട് ശുഭ്മാന്‍ ഗില്‍ (46)- കോലി സഖ്യം 69 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 18-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. അബ്രാര്‍ അഹമ്മദിന്റെ പന്തില്‍ ഗില്‍ ബൗള്‍ഡായി. ഏഴ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. 

നേരത്തെ, പതിഞ്ഞ തുടക്കമായിരുന്നു പാകിസ്ഥാന്. എങ്കിലും മധ്യനിര താരങ്ങളുടെ ബാറ്റിംഗ് കരുത്തില്‍ പാകിസ്ഥാന്‍ മാന്യമായ സ്‌കോര്‍ നേടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ടീം ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍ നിരയില്‍ പരിക്കേറ്റ ഫഖര്‍ സമാന് പകരം ഇമാം-ഉള്‍-ഹഖ് പ്ലേയിംഗ് ഇലവനിലെത്തി. 

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

പാകിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: ഇമാം-ഉള്‍-ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), സല്‍മാന്‍ ആഗ, തയ്യബ് താഹിര്‍, ഖുഷ്ദില്‍ ഷാ, ഷഹീന് അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.