ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ പ്രതിരോധം കനപ്പിച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. എന്നാല്‍ കെ എല്‍ രാഹുല്‍ (37), അജിന്‍ക്യ രഹാനെ (10) എന്നിവര്‍ പ്രതിരോധം ശക്തമാക്കിയതോടെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ലഞ്ച് വരെ പിടിച്ചുനിന്നു. നിലവില്‍ മൂന്നിന് 68 എന്ന നിലയിലാണ് ഇന്ത്യ. മായങ്ക് അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (2), വിരാട് കോലി (9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. കെമര്‍ റോച്ച് രണ്ട് വിക്കറ്റ് വീഴ്ത്തി. ഒരുഘട്ടത്തില്‍ മൂന്നിന് 25 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു സന്ദര്‍ശകര്‍. 

വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് അഗര്‍വാളും പൂജാരയും മടങ്ങിയത്. ഇരുവരേയും ഒരു ഓവറില്‍ തന്നെ റോച്ച് മടക്കിയയച്ചു. പിന്നാലെയെത്തിയ കോലി ഗള്ളിയില്‍ അരങ്ങേറ്റക്കാരന്‍ ബ്രൂക്സിന് ക്യാച്ച് നല്‍കി മടങ്ങി. ഷാനോന്‍ ഗബ്രിയേലിന് ക്യാച്ച് നല്‍കി മടങ്ങി. രാഹുല്‍ ഇതുവരെ നാല് ബൗണ്ടറികള്‍ കണ്ടെത്തി.

നേരത്തെ, മൂന്ന് പേസര്‍മാരെയും ഒരു സ്പിന്നറേയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, രോഹിത് ശര്‍മ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ പുറത്തിരുത്തി. രവീന്ദ്ര ജഡേജയാണ് ടീമിലെ ഏക സ്പിന്നര്‍. 

ഇന്ത്യ: മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

വെസ്റ്റ് ഇന്‍ഡീസ്: ക്രെയ്ഗ് ബ്രാത്വെയ്റ്റ്, ജോണ്‍ കാംപെല്‍, ഷായ് ഹോപ്പ്, ഷംറാ ബ്രൂക്‌സ്, ഡാരന്‍ ബ്രാവോ, ഷിംറോണ്‍ ഹെറ്റ്മയേര്‍, റോസ്റ്റണ്‍ ചേസ്, ജേസണ്‍ ഹോള്‍ഡര്‍, മിഗ്വല്‍ കമ്മിന്‍സ്, ഷാനോന്‍ ഗബ്രിയേല്‍, കെമര്‍ റോച്ച്.