ഹാമില്‍ട്ടണ്‍: 'നാലാം നമ്പറില്‍ വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ തലവേദന അവസാനിച്ചു'. യുവതാരം ശ്രേയസ് അയ്യരുടെ സ്ഥിരതയും ഫിനിഷിംഗ് മികവും കാണുമ്പോള്‍ ആരാധകര്‍ ഒന്നടങ്കം പറയുന്നതാണിത്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മാച്ച് വിന്നര്‍ എന്ന ഖ്യാതി ഇതിനകം അയ്യര്‍ നേടിയെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ് ഇക്കാര്യം ശരിവെക്കുന്നു. 

'യുവ താരങ്ങളായ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും മാച്ച് വിന്നേര്‍സ് ആണ് എന്ന കാര്യത്തില്‍ സംശയമില്ല. കിട്ടുന്ന അവസരങ്ങളില്‍ അവര്‍ കഴിവ് തെളിയിക്കുന്നു. കാര്യപ്രാപ്‌തിയുണ്ട് എന്ന് തെളിക്കുകയാണ് താരങ്ങള്‍. അവരുടെ ദിവസങ്ങളില്‍ മാച്ച് വിന്നേര്‍സാണവര്‍. അത് ടീമിനെ സഹായിക്കുന്നുണ്ട്, താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു'- റാത്തോഡ് പറഞ്ഞു.

അയ്യരുടെ കരുത്ത് ഒരൊറ്റക്കാര്യം

ശ്രേയസ് അയ്യരുടെ കരുത്ത് എന്താണെന്നും ബാറ്റിംഗ് പരിശീലകന്‍ പങ്കുവെക്കുന്നു. 'സമ്മര്‍ദഘട്ടങ്ങളില്‍ അനായാസം കളിക്കാന്‍ സഹായിക്കുന്ന മനസാണ് അയ്യരുടെ കരുത്ത്. അദേഹത്തിന്‍റെ മനക്കരുത്ത് അപാരമാണ്. വമ്പന്‍ താരമാണ് എന്ന് അയാള്‍ സ്വയം വിശ്വസിക്കുന്നു, അങ്ങനെ തന്നെയാണ്. മാച്ച് വിന്നറാണ് താനെന്ന് അയ്യര്‍ക്ക് അറിയാം. ഇന്ത്യയുടെ ബഞ്ച് ശക്തമാണ്, ന്യൂസിലന്‍ഡില്‍ എ ടീം പര്യടനം നടത്തുന്നതിനാല്‍ പകരം താരങ്ങളെ അനായാസം ടീമില്‍ ചേര്‍ക്കാനാകുമെന്നും' വിക്രം റാത്തോഡ് വ്യക്തമാക്കി.  

ന്യൂസിലന്‍ഡിനെതിരെ ഓക്‌ലന്‍ഡില്‍ നടന്ന ആദ്യ ടി20യില്‍ കളിയിലെ താരമായിരുന്നു ശ്രേയസ് അയ്യര്‍. 29 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറികളും സഹിതം പുറത്താകാതെ 58 റണ്‍സെടുത്തു ശ്രേയസ്. രണ്ടാം ടി20യില്‍ 33 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 44 റണ്‍സുമെടുത്തു. രണ്ട് മത്സരങ്ങളിലും നാലാം നമ്പറിലാണ് ശ്രേയസ് അയ്യര്‍ ഇറങ്ങിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടി20 നാളെ ഹാമില്‍ട്ടണില്‍ നടക്കും.