Asianet News MalayalamAsianet News Malayalam

ജയ്‌സ്‌വാളിന് സെഞ്ചുറി; പാകിസ്ഥാനെ തുരത്തി ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനലില്‍

അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്ഥാനെ തുരത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. യഷസ്വി ജയ്‌സ്‌വാളിന്റെ (113 പന്തില്‍ 105) സെഞ്ചുറി കരുത്തില്‍ 10 വിക്കറ്റിന്റെ തിളക്കമാര്‍ന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

india into the finals of u19 world cup cricket by beating pakistan
Author
Johannesburg, First Published Feb 4, 2020, 7:53 PM IST

ജൊഹന്നാസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്ഥാനെ തുരത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. യഷസ്വി ജയ്‌സ്‌വാളിന്റെ (113 പന്തില്‍ 105) സെഞ്ചുറി കരുത്തില്‍ 10 വിക്കറ്റിന്റെ തിളക്കമാര്‍ന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 43.1 ഓവരില്‍ 172ന് എല്ലാവരും പുറത്തായി.  മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 35.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. ദിവ്യാന്‍ഷ് സക്‌സേന (99 പന്തില്‍ പുറത്താവാതെ 59) ജയ്‌സ്‌വാളിനൊപ്പം പുറത്താവാതെ നിന്നു. 

എട്ട് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ജയ്‌സ്‌വാളിന്റെ ഇന്നിങ്‌സ്. ടൂര്‍ണമെന്റില്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത്. നേരത്തെ മൂന്ന് അര്‍ധ സെഞ്ചുറിയും ജയ്‌സ്‌വാള്‍ നേടിയിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി ജയ്‌സ്‌വാള്‍. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് 312 റണ്‍സാണ് താരത്തിനുള്ളത്. മികച്ച പിന്തുണ നല്‍കിയ സക്‌സേന ആറ് ബൗണ്ടറികള്‍ നേടി.

നേരത്തെ, ക്യാപ്റ്റന്‍ റൊഹൈല്‍ നാസിര്‍ (62), ഓപ്പണര്‍ ഹൈദര്‍ അലി (56) എന്നിവര്‍ക്ക് മാത്രമാണ് പാക് നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. തകര്‍ച്ചയോടെയായിരുന്നു പാക് യുവനിരയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സ് ആയിരിക്കെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ഹൈദര്‍- റൊഹൈല്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 62 റണ്‍സാണ് പാകിസ്ഥാന് തുണയായത്. മുഹമ്മദ് ഹാരിസ് (21) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. 

മിശ്ര 8.1 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. മിശ്രയ്ക്ക് പുറമെ കാര്‍ത്തിക് ത്യാഗി, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അഥര്‍വ അങ്കോള്‍ക്കര്‍, യഷസ്വി ജയ്‌സ്‌വാള്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

Follow Us:
Download App:
  • android
  • ios