നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടി20 ടീമിൽ തിരിച്ചെത്തിയ ഭുവനേശ്വർ കുമാർ ഏകദിന ടീമിലേക്കും മടങ്ങിയെത്തുമെന്ന് ആർ അശ്വിൻ. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തിളങ്ങിയാൽ വരാനിരിക്കുന്ന ലോകകപ്പിൽ ബുംറയ്ക്കൊപ്പം ഭുവനേശ്വറും പന്തെറിയാൻ സാധ്യതയുണ്ടെന്ന് അശ്വിൻ വ്യക്തമാക്കി.

ചെന്നൈ: നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയ പേസര്‍ ഭുവനേശ്വര്‍ കുമാറിനെക്കുറിച്ച് പ്രവചനവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. വരാനിരിക്കുന്ന ലോകകപ്പില്‍ ജസ്പ്രിത് ബുംറയ്‌ക്കൊപ്പം ഭുവനേശ്വറും ഇന്ത്യക്കായി പുതിയ പന്തെറിയുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കഴിഞ്ഞ രണ്ട് സീസണുകളിലും പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനങ്ങളാണ് (45 വിക്കറ്റുകള്‍) 36 കാരനായ ഭുവനേശ്വറിന് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്.

പരിക്കുകളും ഫിറ്റ്നസ് പ്രശ്‌നങ്ങളും ഇല്ലായിരുന്നെങ്കില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ ലോകോത്തര താരമായി മാറാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. 'ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. അദ്ദേഹത്തിന് പരിക്കുകള്‍ ഒഴിവാക്കാനാകുകയും ഫിറ്റ്നസ് നിലനിര്‍ത്താന്‍ കഴിയുകയും ചെയ്തിരുന്നെങ്കില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ സൂപ്പര്‍ താരമായേനെ. ഇരുവശത്തേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള അദ്ദേഹത്തിന്റെ വൈഭവം എടുത്തുപറയേണ്ടതാണ്.'' അശ്വിന്‍ പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പരയില്‍ ഭുവനേശ്വര്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍, എല്ലാവരും അദ്ദേഹത്തെ ഉടന്‍ തന്നെ ഏകദിന ടീമിലേക്കും പരിഗണിക്കണമെന്ന് ആവശ്യപ്പെടും. സെലക്ടര്‍മാരും ഇത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടാകും. ന്യൂസിലന്‍ഡില്‍ താരം മികവ് തെളിയിച്ചാല്‍, അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഭുവനേശ്വറും വിമാനത്തില്‍ കയറുന്നത് നമുക്ക് കാണാം. ലോകകപ്പിലെ ആദ്യ ഓവര്‍ എറിയാന്‍ അദ്ദേഹത്തിന് സാധിച്ചേക്കും.'' അശ്വിന്‍ പറഞ്ഞു.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരങ്ങളില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വലിയ തോതില്‍ റണ്‍സ് വഴങ്ങുന്നുണ്ടെന്നും, അത്തരം സാഹചര്യങ്ങളില്‍ ഭുവനേശ്വറിനെപോലെയുള്ള അനുഭവസമ്പത്തുള്ള ഒരു താരത്തിന്റെ സാന്നിധ്യം ടീമിന് ഒരു ഇന്‍ഷുറന്‍സ് പോളിസി പോലെ ഗുണം ചെയ്യുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 22നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പര ആരംഭിക്കുന്നത്.

YouTube video player