കൊളംബൊ: അണ്ടര്‍ 19 ഏഷ്യ കപ്പില്‍ ആവേശപ്പോരില്‍ ബംഗ്ലാദേശിനെ അഞ്ച് റണ്‍സിന് തോല്‍പിച്ച് ഇന്ത്യന്‍ കൗമാര പട കിരീടമുയര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത് കുറഞ്ഞ സ്‌കോറില്‍ പുറത്തായും തോല്‍വിയുടെ വക്കിലുമെത്തിയ ശേഷം ബംഗ്ലാദേശിനെ ഓള്‍ഔട്ടാക്കി ഇന്ത്യ ഞെട്ടിക്കുകയായിരുന്നു. അണ്ടര്‍ 19 ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ഏഴാം കിരീടമാണിത്. സ്വപ്‌നതുല്യമായ തിരിച്ചുവരവിലൂടെ കിരീടം തട്ടിയെടുത്ത ഇന്ത്യന്‍ ടീമിനെ നിരവധി ആരാധകര്‍ അഭിനന്ദിച്ചു. 

ത്രസിപ്പിക്കുന്ന പോരില്‍ അഞ്ച് റണ്‍സിനായിരുന്നു ബംഗ്ലാദേശ് യൂത്ത് ടീമിനെതിരെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ വിജയം. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ബംഗ്ലാ ബൗളര്‍മാര്‍ 32.4 ഓവറില്‍ 106ന് എറിഞ്ഞിട്ടു. ഇന്ത്യ അതേനാണയത്തില്‍ തിരിച്ചടിച്ചപ്പോള്‍ ബംഗ്ലാദേശ് 33 ഓവറില്‍ 101ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ അഥര്‍വയും മൂന്ന് പേരെ പുറത്താക്കി ആകാശ് സിങുമാണ് ബംഗ്ലാദേശിന്‍റെ കഥ കഴിച്ചത്.