ഇന്ത്യയും ന്യൂസിലന്‍ഡും ഇറങ്ങുന്നത് ഗ്രൂപ്പ് ചാംപ്യന്‍മാരെ നിശ്ചയിക്കാന്‍. വിരാട് കോലിയുടെ 300-ാം ഏകദിനം കൂടിയാണെന്നുള്ള പ്രത്യേകത ഇന്നത്തെ മത്സരത്തിനുണ്ട്.
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ബൗളിംഗ് തിരഞ്ഞെടുത്തു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഹര്‍ഷിത് റാണയ്ക്ക് പകരം വരുണ്‍ ചക്രവര്‍ത്തി ടീമിലെത്തി. മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സ്പിന്നര്‍മാരായി വരുണ്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ടീമിലുണ്ട്. റിഷഭ് പന്ത് ഇന്നും ടീമിന് പുറത്തായി. വിക്കറ്റില്‍ പിന്നില്‍ കെ എല്‍ രാഹുല്‍ തുടരും. ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പരിക്ക് മാറി ഡാരില്‍ മിച്ചല്‍ തിരിച്ചെത്തി. ഡെവോണ്‍ കോണ്‍വെയാണ് പുറത്തായത്. ഇന്ത്യക്ക് തുടര്‍ച്ചയായ 13-ാം തവണയാണ് ഏകദിനത്തില്‍ ടോസ് നഷ്ടമാകുന്നത്. രോഹിത്തിന് മാത്രം തുടര്‍ച്ചയായ 10-ാം തവണ. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.
ന്യൂസിലന്‍ഡ്: വില്‍ യംഗ്, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, വില്യം ഒറൗര്‍ക്കെ.
ഇന്ത്യയും ന്യൂസിലന്‍ഡും ഇറങ്ങുന്നത് ഗ്രൂപ്പ് ചാംപ്യന്‍മാരെ നിശ്ചയിക്കാന്‍. വിരാട് കോലിയുടെ 300-ാം ഏകദിനം കൂടിയാണെന്നുള്ള പ്രത്യേകത ഇന്നത്തെ മത്സരത്തിനുണ്ട്. കൂടെ ഒരുപിടി റെക്കോഡുകളും അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 300 ഏകദിനങ്ങള്‍ കളിക്കുന്ന 22-മത്തെ താരമാണ് കോലി. ഈ ലിസ്റ്റില്‍ കോലിക്ക് മുന്‍പ് ഈ നേട്ടം കൈവരിച്ചത് ആറ് ഇന്ത്യന്‍ താരങ്ങള്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍, മുഹമ്മദ് അസറുദ്ദീന്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, എംഎസ് ധോണി, യുവരാജ് സിംഗ്.
ഈ എലൈറ്റ് ലിസ്റ്റിലേക്ക് കോലിയുമെത്തുമ്പോള്‍ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകളും. ഈ ടൂര്‍ണമെന്റില്‍ 141 റണ്‍സെങ്കിലും നേടാനായാല്‍ ചാംപ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി കോലി മാറും. മറികടക്കുക സാക്ഷാല്‍ ക്രിസ് ഗെയിലിനെ. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമാകാന്‍ വേണ്ടത് വെറും 51 റണ്‍സ്. ന്യൂസീലന്‍ഡിനെതിരെ റെക്കോര്‍ഡുകള്‍ കുറിക്കാനും കോലിക്ക് ഇത് സുവര്‍ണാവസരം. കിവികള്‍ക്കെതിരെ 31 ഏകദിന മത്സരങ്ങള്‍ കളിച്ച കോലി 1645 റണ്‍സ് സ്വന്തമാക്കി. ഇന്ന് 106 റണ്‍സ് നേടിയാല്‍ സച്ചിനെ പിന്നിലാക്കി റണ്‍വേട്ടക്കാരില്‍ ഒന്നാമനാകാം.

