ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369നെതിരെ മൂന്നാംദിനം രണ്ടാം സെഷന്‍ ആരംഭിക്കുമ്പോള്‍  അഞ്ചിന് 171 എന്നനിലയിലാണ് ഇന്ത്യ. ഇപ്പോഴും 198 റണ്‍സ് പിറകില്‍. ഇന്ന് അജിന്‍ക്യ രഹാനെ (37), ചേതേശ്വര്‍ പൂജാര (25), മായങ്ക് അഗര്‍വാള്‍ (38) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജോഷ് ഹേസല്‍വുഡ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഋഷഭ് പന്ത് (6), വാഷിംഗ്‍ടണ്‍ സുന്ദര്‍ (6) എന്നിവരാണ് ക്രീസില്‍. 

ആദ്യം മടങ്ങിയത് പൂജാര

രണ്ടിന് 62 എന്ന നിലയിലാണ് ഇന്ത്യ മൂന്നാംദിനം ആരംഭിച്ചത്. പൂജാര- രഹാനെ സഖ്യമായിരുന്നു ക്രീസില്‍. ഇരുവരും ക്രീസില്‍ പിടിച്ചുനില്‍ക്കുമെന്ന് തോന്നിക്കെയാണ് പൂജാര മടങ്ങുന്നത്. ഹേസല്‍വുഡാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. പൂജാരയെ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പൂജാര- രഹാനെ സഖ്യം 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 25 റണ്‍സായിരുന്നു പൂജാരയുടെ സമ്പാദ്യം.

ലഞ്ചിന് തൊട്ടുമുമ്പ് രഹാനെയും

പൂജാരയ്ക്ക് പിന്നാലെ മായങ്ക് അഗര്‍വാള്‍ ക്രീസിലേക്ക്. എന്നാല്‍, ലഞ്ചിന് പിരിയാന്‍ അഞ്ച് ഓവര്‍ ബാക്കിയുള്ളപ്പോള്‍ രഹാനെ കൂടി മടങ്ങിയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. 37 റണ്‍സ് നേടിയ രഹാനെ ഓസ്‌ട്രേലിയ വിരിച്ച കെണിയില്‍ വീഴുകയായിരുന്നു. സ്റ്റാര്‍ക്കിന്റെ പന്തില്‍ ഒരു ഡ്രൈവിന് ശ്രമിക്കുമ്പോള്‍ എഡ്ജായി പന്ത് തേര്‍ഡ് സ്ലിപ്പിലേക്ക് പറന്നു. മാത്യൂ വെയ്ഡ് ഒരു പിഴവും വരുത്തിയില്ല. എന്നാല്‍ ലഞ്ചിന് ശേഷമുള്ള രണ്ടാം പന്തില്‍ മായങ്ക് മടങ്ങിയത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. 38 റണ്‍സാണ് താരം നേടിയത്. ഹേസല്‍വുഡിന്‍റെ പന്തില്‍ സ്ലിപ്പില്‍ സ്റ്റീവന്‍ സ്‍മിത്തിന് ക്യാച്ച് നല്‍കുകയായിരുന്നു താരം.

മികച്ച തുടക്കം മുതലാക്കാതെ രോഹിത്

ഇന്നലെ രണ്ട് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായ്. അതില്‍ ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായി രീതി. തീര്‍ത്തും വിക്കറ്റ് വലിച്ചെറിയുകയായിരുന്നു അദ്ദേഹം. വ്യക്തിഗത സ്‌കോര്‍ 44ല്‍ നില്‍ക്കെ ലിയോണിനെതിരെ കൂറ്റനടിക്ക് ശ്രേമിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ച് ഓടിയെടുത്തു. ശുഭ്മാന്‍ ഗില്ലിന്റെ (7) വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഏഴാം ഓവറില്‍ കമ്മിന്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്തിന് ക്യാച്ച് നല്‍കി ഗില്‍ മടങ്ങി. 

ഓസീസിനെ തുടക്കകാര്‍ എറിഞ്ഞിട്ടു

ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ തീര്‍ന്നു. മര്‍നസ് ലബുഷെയ്നിന്റെ (108) സെഞ്ചുറിയാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടിം പെയ്ന്‍ (50), കാമറൂണ്‍ ഗ്രീന്‍ (47), മാത്യൂ വെയ്ഡ് (45) എന്നിവരും ഭേദപ്പട്ട പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ എടുത്തുപറയേണ്ടത് പരിചയസമ്പത്തില്ലാത്ത ഇന്ത്യന്‍ ബൗളര്‍മാരുടെ കരുത്ത് തന്നെയാണ്. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ടി നടരാജന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ വീതം വീഴ്ത്തി. മുഹമ്മദ് സിറാജിന് ഒരു വിക്കറ്റുണ്ട്.

ലബുഷെയ്‌നിന്റെ സെഞ്ചുറി

നേരത്തെ മര്‍നസ് ലബുഷെയ്നിന്റെ (108) സെഞ്ചുറിയാണ് ഓസീസിന് സഹായകമായത്. ടെസ്റ്റ് കരിയറില്‍ അഞ്ചാം സെഞ്ചുറിയാണ് താരം പൂര്‍ത്തിയാക്കിയത്. 204 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ലബുഷെയ്ന്‍ 38ല്‍ നില്‍ക്കെ പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഗള്ളിയില്‍ അവസരം നഷ്ടമാക്കി. ഇതിന് കനത്ത വിലയും നല്‍കേണ്ടിവന്നു. സ്റ്റീവന്‍ സമിത്ത് (36), മാത്യൂ വെയ്ഡ് (45) എന്നിവര്‍ക്കൊപ്പം ലബുഷെയ്ന്‍ ഉണ്ടാക്കിയ കൂട്ടുകെട്ടാണ് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. സ്മിത്തിനൊപ്പം 70 റണ്‍സും വെയ്ഡിനൊപ്പം 113 റണ്‍സും താരം കൂട്ടിച്ചേര്‍ത്തു.