വെല്ലിങ്ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തുന്ന പ്രകടനവുമായി മലയാളി താരം സഞ്ജു സാംസണ്‍. ന്യൂസിലന്‍ഡിനെതിരെ നാലാം ടി20യില്‍ ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും സഞ്ജു എട്ട് റണ്‍സിന് പുറത്തായി. സഞ്ജുവിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയും (11) കൂടാരം കയറിയപ്പോള്‍ ഇന്ത്യ  ഓവറില്‍ 11 ഓവറില്‍ അഞ്ചിന് 87 എന്ന നിലയിലാണ്. ഇഷ് സോഥി കിവീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മനീഷ് പാണ്ഡെ (7), വാഷിംഗ്ടണ്‍ സുന്ദര്‍ (0) എന്നിവരാണ് ക്രീസില്‍.

മോഹിക്കുന്ന തുടക്കമായിരുന്നു സഞ്ജുവിന്റേത്. നേരിട്ട മൂന്നാം പന്ത് പന്ത് താരം സിക്‌സ് പായിച്ചു. എന്നാല്‍ അതേ ഓവറില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് താരം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. കുഗ്ഗലെജിന്റെ ലെങ്ത് ഡെലിവറില്‍ സിക്‌സിന് ശ്രമിച്ച സഞ്ജുവിന് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് മിച്ചല്‍ സാന്റ്‌നര്‍ കയ്യിലൊതുക്കി. പിന്നാലെ എത്തിയ കോലിക്കും അധികനേരം ക്രീസില്‍ നില്‍ക്കായില്ല. രണ്ട് ബൗണ്ടറി നേടിയെങ്കിലും ബെന്നറ്റിന്റെ ഒരു സ്ലോ ബൗളില്‍ കവറില്‍ ക്യാച്ച് നല്‍കി. ഇത്തവണയും സാന്റ്‌നറാണ് ക്യാച്ചെടുത്തത്. ക്യാപ്റ്റന് പിന്നാലെ ശ്രേയസ് അയ്യര്‍ (1) എത്തിയെങ്കിലും ഇഷ് സോഥിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത രാഹുല്‍ (39) സോഥിയുടെ പന്തില്‍ സാന്റ്‌നര്‍ക്ക് ക്യാച്ച് നല്‍കി. ദുബെയ്ക്കും (12) സോഥിയുടെ പന്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ടോം ബ്രൂസിന് ക്യാച്ച്. 

നേരത്തെ, ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടിം സൗത്തി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തോളിലേറ്റ പരിക്ക് കാരണം സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. രോഹിത്തിന് വിശ്രമം അനുവദിച്ചപ്പോള്‍ സഞ്ജുവിനെ ഓപ്പണറാക്കുകയായിരുന്നു. കൂടാതെ രണ്ട് മാറ്റങ്ങള്‍ കൂടി ടീമിലുണ്ട്. മുഹമ്മദ് ഷമിക്ക് പകരം നവ്ദീപ് സൈനിയും രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി. 

രണ്ട് മാറ്റങ്ങാണ് ന്യൂസിലന്‍ഡ് വരുത്തിയത്. മോശം ഫോമില്‍ കളിക്കുന്ന കോളിന്‍ ഡി ഗ്രാന്‍ഹോമിന് പകരം ടോം ബ്രൂസ് ടീമിലെത്തി. പരിക്കേറ്റ വില്യംസണിന് പകരം ഡാരില്‍ മിച്ചലിന് അവസരം നല്‍കി. പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 0-3ന് മുന്നിലാണ്. 

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, നവ്ദീപ് സൈനി.